
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രവേശനം നിഷേധിച്ചിരിക്കെ നവംബർ 24ന് ചിലർ ഗുരുവായൂരിൽ നാലമ്പലത്തിൽ കടന്ന് ദർശനം നടത്തിയത് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരിശോധിച്ച് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഉചിത നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നാലമ്പലത്തിൽ കടന്ന ചിലർ ദർശനം നടത്തിയതിന്റെ വാട്സ്അപ്പ് ദൃശ്യങ്ങൾ ഒരു ഹൈക്കോടതി ജഡ്‌ജി നടപടിക്ക് ശുപാർശ ചെയ്ത് ദേവസ്വം ബെഞ്ചിന് കൈമാറിയിരുന്നു. തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം.
നവംബർ 24 ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ സംഘം ദർശനം നടത്തിയതിനു പുറമേ ഒരുമണിക്കൂറോളം നാലമ്പലത്തിൽ ചെലവഴിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടിയെങ്കിലും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു.
ചിലർക്ക് ദർശനം നടത്താൻ അവസരം നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് ദേവസ്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗുരുവായൂരിൽ ഏകാദശി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കം ചിലർ ദർശനം നടത്തിയതിനെതിരായ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇൗ സംഭവത്തിൽ ദേവസ്വം സെക്യൂരിറ്റി ഒാഫീസറോടു രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്.