കോലഞ്ചേരി: ട്വന്റി20യുടെ കുത്തൊഴുക്കിൽ തകർന്ന് മുന്നണികൾ. ഭരണരംഗത്തേയ്ക്ക് ഒരു തിരിച്ചു വരവ് അസാദ്ധ്യമാകും വിധമുള്ള പ്രകടനമാണ് കിഴക്കമ്പലത്തെ പടയോട്ടം പൂർത്തീകരിച്ചെത്തിയ ട്വന്റി മറ്റു പഞ്ചായത്തുകളിൽ കാഴ്ച വച്ചത്. ഐക്കരനാട്ടിലും, മഴുവന്നൂരിലും കോൺഗ്രസിന് വൻ വോട്ട് ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് കുത്തകയാക്കിയ കുന്നത്തുനാട്ടിലും ഒരു പതിറ്റാണ്ടായി കോൺഗ്രസ് ഭരിക്കുന്ന മഴുവന്നൂരും പാർട്ടിക്ക് താരതമ്യേന നല്ല ശക്തിയുള്ള ഐക്കരനാടുമെല്ലാം വൻ തോതിലാണ് വോട്ടുചോർച്ചന്നത്. 14 വാർഡുകളുള്ള ഐക്കരനാട് പഞ്ചായത്തിൽ 12 വാർഡുകളിലും കോൺഗ്രസ് മുന്നാം സ്ഥാനത്താണ്. കടയിരുപ്പ്, പാറേപ്പീടിക വാർഡുകളിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. വി.പി.സജീന്ദ്രൻ എം.എൽ.എയുടെ വാർഡായ പെരിങ്ങോളിലും പാർട്ടി സ്ഥാനാർത്ഥി മുന്നാം സ്ഥാനത്താണ്. മഴുവന്നൂരിൽ നാല് വാർഡുകളിൽ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് വീട്ടൂർ വാർഡിൽ അഞ്ചാം സ്ഥാനത്താണ്. ഒരു പതിറ്റാണ്ടായി ഭരിക്കുന്ന ഇവിടെ ഒരു വാർഡ് മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിൽ നാല് വാർഡുകളിൽ വിജയിച്ച സി.പി.എം ഒമ്പത് വാർഡുകളിൽ രണ്ടാം സ്ഥാനത്താണ്. സി.പി.എം,സി.പി.ഐ സൗഹൃദ മത്സരം നടന്ന വീട്ടുരിൽ സി.പി.ഐയാണ് രണ്ടാം സ്ഥാനത്ത്. സൗഹൃദ മത്സരം ഒഴിവാക്കിയിരുന്നെങ്കിൽ ട്വന്റി20 ജയിച്ച ഈ വാർഡും മുന്നണിക്ക് സ്വന്തമാകുമായിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് ഭരിച്ച കുന്നത്തുനാട്ടിൽ ആറ് പേരാണ് കോൺഗ്രസ് സീറ്റുകളിൽ ജയിച്ചത്. സി.പി.എമ്മിന് ഒരു സീറ്റും ലഭിച്ചു. എന്നാൽ ഏഴ് വാർഡുകളിൽ സി.പി.എമ്മും കോൺഗ്രസും രണ്ടാം സ്ഥാനം പങ്കിട്ടു. രണ്ട് വാർഡുകളിൽ ട്വന്റി20ക്കാണ് രണ്ടാം സ്ഥാനം .പഞ്ചായത്തിൽ ഭരണം സ്വന്തമാക്കിയ ട്വന്റി 20, 8005 വോട്ടുകൾ നേടി. ഐക്കരനാട്ടിൽ ഭരണം പിടിച്ച ട്വന്റി20, 7692 വോട്ടുകളുമായി മുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഇവിടെ 3312 വോട്ടുകൾ സി.പി.എം നേടിയപ്പോൾ 2189 വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. കിഴക്കമ്പലത്തെ തിരിച്ചടി മനസിലാക്കിയ സി.പി.എം കാലേകൂട്ടി ട്വന്റി20 ക്കെതിരെ രംഗത്തിറങ്ങിയത് അവർക്ക് ചെറിയ രീതിയിൽ ഗുണമായിട്ടുണ്ട്. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി20 വോട്ട് ലക്ഷ്യമിട്ട് തന്ത്റപരമായ മൗനം പാലിച്ച കോൺഗ്രസിന് കനത്ത വിലയാണ് നൽകേണ്ടി വന്നത്.