
കൊച്ചി : ശബരിമലയിൽ നാളെ മുതൽ പ്രതിദിനം 5000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ 1000 ഭക്തർക്കും ശനി, ഞായർ ദിനങ്ങളിൽ 2000 ഭക്തർക്കുമാണ് പ്രവേശനം.
ഇത് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗർ സ്വദേശി കെ.പി. സുനിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട്, കോൺഗ്രസ് നേതാവ് അജയ് തറയിൽ തുടങ്ങിയവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
മകരവിളക്ക് സീസണിൽ നിലയ്ക്കലിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ് ആർ.ടി - പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന് ഉന്നതാധികാരസമിതി നേരത്തെ തീരുമാനിച്ചിരുന്നു. 30ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ മുതൽ ഇതേർപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പ്രതിദിനം 5000 ഭക്തർക്ക് പ്രവേശനം നൽകണമെന്ന നിർദ്ദേശം കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ ഉന്നതാധികാര സമിതിക്ക് തടസമില്ലെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.