
കൊച്ചി: മറൈൻഡ്രൈവിലെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമയിൽ പുലർകാലത്ത് പൂക്കളർപ്പിക്കാൻ ഇനി ആരാധകൻ വരില്ല. ആരാലും ചുമതലപ്പെടുത്താതെ തന്നെ 2015 മുതൽ എല്ലാദിവസവും കലാമിന്റെ പ്രതിമയെ പുഷ്പാലംകൃതമാക്കിയിരുന്ന ആക്രിക്കാരൻ ശിവദാസൻ കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. മറൈൻഡ്രൈവിലാണ് മൃതദേഹം കണ്ടെത്തിയത്.സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കടത്തിണ്ണകളിലും പാർക്കിലെ ബെഞ്ചിലും അന്തിയുറങ്ങിയിരുന്ന കൊല്ലം ചവറ കല്ലേരിക്കൽ മുക്ക് കോയിവിള പുതുപ്പുരവടക്കേതിൽ ശിവദാസൻ വർഷങ്ങളായി കൊച്ചിയിലെ ക്രിസ്തീയദേവാലയ പരിസരങ്ങളിൽ മെഴുകുതിരി വിറ്റായിരുന്നു ഉപജീവനം. കൊവിഡ് കാലമായതോടെ കച്ചവടം നിലച്ചു. പിന്നീട് ആക്രി പെറുക്കിവിറ്റും ആരെങ്കിലുമൊക്കെ നൽകുന്ന സഹായങ്ങളും പറ്റിയായി ജീവിതം. ഭാര്യ ശശികലയും രണ്ടു മക്കളും കൊല്ലത്തുണ്ടെന്നാണ് പറയപ്പെടുന്നത്.
കൊച്ചിയിലെ ഏകാന്തവാസത്തിനിടെ 2015 ൽ കലാമിന്റെ പ്രതിമ ശ്രദ്ധയിൽപ്പെട്ടതുമുതൽ തുടങ്ങിയതാണ് അതിരാവിലെയുള്ള പുഷ്പാർച്ചന. പലസ്ഥലങ്ങളിൽ നിന്നായി ശേഖരിക്കുന്ന പൂക്കൾ കൊണ്ട് പ്രതിമയും പരിസരവും നന്നായി അലങ്കരിക്കും. ആഴ്ചയിൽ ഒരുദിവസം പ്രതിമ കഴുകി വൃത്തിയാക്കും. അടുത്തിടെ പുഷ്പാലങ്കാരം ശ്രദ്ധയിൽപ്പെട്ട മദ്ധ്യമപ്രവർത്തകർ പലതവണ നിർബന്ധിച്ച് ചോദിച്ചപ്പോൾ വെളിപ്പെടുത്തിയ കഥകൾ മാത്രമേ പുറംലോകത്തിന് അറിയൂ.
രാഷ്ട്രപതിയായിരിക്കെ കൊല്ലം ആശ്രാമം മൈതാനത്ത് വച്ചും പിന്നീട് തിരുവനന്തപുരത്തുവച്ചും നേരിട്ടുകണ്ടിട്ടുള്ള എ.പി.ജെ അബ്ദുൾ കലാം രണ്ടാമത്തെ കാഴ്ചയിൽ 500 രൂപ സമ്മാനമായി നൽകിയിരുന്നുവെന്നും ശിവദാസൻ വെളിപ്പെടുത്തിയിട്ടുണ്ട്. വലിയമനുഷ്യന്റെ വിലമതിക്കാനാവാത്ത സ്നേഹത്തിന് പ്രത്യുപകാരമായാണ് ദിവസവും പ്രതിമയിൽ നന്ദിയുടെ നറുമലരുകൾ അർപ്പിച്ചിരുന്നതെന്നും ശിവദാസൻ പറഞ്ഞിരുന്നു. കേരളകൗമുദി ഫ്ലാഷിലും കൗമുദി യൂട്യൂബ് ചാനലിനും ഇത് വാർത്തയായി.
തലയിലും വയറിലുമേറ്റ മാരകമായ ക്ഷതമാണ് മരണകാരമെന്ന് പൊലീസ് പറഞ്ഞു. ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തിനെത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയാണ്.
അന്തകനായത് സുഹൃത്ത്
ശിവദാസനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ
പറവൂർ നന്ത്യാട്ടുകുന്നം ഏഴിക്കര കൈതപ്പിള്ളിപറമ്പിൽ രാജേഷ് (40) ആണ് പിടിയിലായത്. അബ്ദുൾ കലാമിന്റെ പ്രതിമ പരിപാലിക്കുന്ന ശിവദാസന്റെ കഥ മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ പലരും ചെറിയതുകകൾ സംഭാവന നൽകി പ്രോത്സാഹിപ്പിച്ചു. ഇത് കണ്ട് അസൂയപൂണ്ട പ്രതി കഴിഞ്ഞ 15ന് രാത്രി ഉറങ്ങിക്കിടന്ന ശിവദാസനെ അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സിറ്റി അസി. പൊലീസ് കമ്മീഷണർ കെ. ലാൽജി, ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ് ഇൻസ്പെക്ടർമാരായ കെ.ജി. വിപിൻകുമാർ, കെ.എക്സ്. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.