ravi

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർച്ചയായ രണ്ടാംദിനം 12 മണിക്കൂർ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. വ്യാഴാഴ്ച പതിന്നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടിലും സ്വർണക്കടത്തിലും ഒരു ബന്ധവും അറിവുമില്ലെന്ന് രവീന്ദ്രൻ ആവർത്തിച്ചു. എന്നാൽ, സ്വത്തു സംബന്ധിച്ച് രജിസ്‌ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് രവീന്ദ്രന്റെ മറുപടിയിൽ വ്യക്തതക്കുറവുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി. പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല.

ഇ.ഡി ആദ്യം നൽകിയ മൂന്നു നോട്ടീസുകളിലും കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങൾ നിരത്തി രവീന്ദ്രൻ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വ്യാഴാഴ്ച കേസിൽ വിധി വരുന്നതിനു മുമ്പായി രവീന്ദ്രൻ ഇ.ഡിക്കു മുന്നിൽ ഹാജരായി.

രവീന്ദ്രന് നിക്ഷേപമുൾപ്പെടെയുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് സ്വത്ത് വിവരങ്ങൾ ശേഖരിച്ചത്.