
പെരുമ്പാവൂർ: യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിന് കുത്തേറ്റു. വെങ്ങോല പഞ്ചായത്തിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ വച്ചാണ് ആക്രമണമുണ്ടായത്. വിഷ്ണു വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം രാജേഷ് എന്ന സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. . യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു സുരേഷിന് നേരേയുണ്ടായ വധശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ബോധപൂർവമായ കലാപത്തിന് സി.പി.എം കോപ്പുകൂട്ടുകയാണ്.തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരേ ഭീഷണിയും അക്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്.തലനാരിഴ വ്യത്യാസത്തിനാണ് വിഷ്ണു സുരേഷിന്റെ ജീവൻ രക്ഷപ്പെട്ടത്.അക്രമികളെ നിലക്കുനിർത്താൻ സി.പി.എം നേതൃത്വം തയ്യാറാകണം. സി.പി.എം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.