
കൊച്ചി: എ.കെ. ആന്റണിയെ സംസ്ഥാന നേതൃത്വത്തിലേക്കും മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി.യിലേക്കും മാറ്റി നിയമിക്കാതെ കേരളത്തിലെ കോൺഗ്രസ് പാർട്ടി നന്നാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ വിമർശനം. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുസ്തഫ ഇക്കാര്യം പറഞ്ഞത്.യു.ഡി.എഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഉടൻ രാജിവയ്ക്കണം. മെമ്പർഷിപ്പ് നൽകി അംഗങ്ങളെ ചേർത്ത് വ്യവസ്ഥാപിതമായ മാർഗത്തിൽ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി അടിമുടി പുനഃസംഘടിപ്പിക്കണം. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് എന്ന നിലയിൽ തികഞ്ഞ പരാജയമാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ പോലും സ്വാധീനമില്ലായിരുന്നുവെന്ന് പറയുന്ന കെ.പി.സി.സി പ്രസിഡന്റ് ഇനി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. നാണമുണ്ടെങ്കിൽ രാജി വയ്ക്കണം.ജോസ് കെ.മാണി മുന്നണി വിട്ടുപോയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. പാർട്ടിയുമായി അടുപ്പമുണ്ടായിരുന്ന സമുദായ നേതാക്കളെ ഇടതുപക്ഷം വരുതിയിലാക്കുന്നത് തിരിച്ചറിയാൻപോലും യു.ഡി.എഫ് നേതാക്കന്മാർക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.