അങ്കമാലി: പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണികളുടെ കൂടിയാലോചനകൾ അവസാന ഘട്ടത്തിലേക്ക്. മഞ്ഞപ്ര കറുകുറ്റി,മൂക്കന്നൂർ,തുറവൂർ പഞ്ചായത്തുകളിൽ ഭരണമുറപ്പിച്ച യു.ഡി.എഫിലും മഞ്ഞപ്ര തിരിച്ച് പിടിച്ച എൽ.ഡി.എഫിലും ഇക്കാര്യത്തിൽ ഏകദേശ ധാരണായായി.

മഞ്ഞപ്രയിൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ച അൽഫോൺസ ഷാജൻ, വത്സലകുമാരി വേണു എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വൈസ് പ്രസിഡന്റായി ബിനോയ് ഇടശേരിയുടെ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും വനിതകൾക്ക് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.

കറുകുറ്റി പഞ്ചായത്തിൽ കോൺഗ്രസിലെ ലതിക ശശികുമാർ പ്രസിഡന്റാകും.മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു ലതിക. ഇതാണ് പ്രസിഡന്റ് പദവിയിലേക്കുള്ള പ്രഥമ പരിഗണന ലതികയിൽ എത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഷൈജോ പറമ്പിയുടേയും കെ.പി.അയ്യപ്പന്റേയും പേരുകളാണ് പരിഗണിക്കുന്നത്. ഡി.സി.സി സെക്രട്ടറി കൂടിയായ ഷൈജോ പറമ്പിക്കും മുൻതൂക്കമുണ്ട്. തുറവൂർ പഞ്ചായത്തിൽ
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് ജെസി ജോയിയേയും ജിൻസി തങ്കച്ചനേയുമാണ്. ജിൻസി തങ്കച്ചന്റെ പേരിനാണ് മുൻതൂക്കം. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച
റോയി സെബാസ്റ്റിയന് ഉറപ്പായി. ഇവിടെ സ്വതന്ത്രനെ കൂടെ കൂട്ടിയാലെ യു.ഡി.എഫിന് ഭരണം മുന്നാട്ട് കൊണ്ടുുപോകാനാകൂ.മൂക്കന്നൂർ പഞ്ചായത്തിൽ പോൾ പി.ജോസഫ്,ബിജു പാലാട്ടി എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. എ ഗ്രൂപ്പിലെ പോൾ .പി .ജോസഫിനാ മുൻഗണന. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് നിലവിൽ പ്രസിഡന്റായിരുന്ന ജയ രാധാകൃഷ്ണണനെയാണ്. ഭാരവാഹികൾക്ക് കാലാവധി നിശ്ചയിച്ചായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.