അങ്കമാലി: അങ്കമാലി നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള ചർച്ച പുരോഗമിക്കുന്നു. ആദ്യ ടേം എ വിഭാഗത്തിന് നൽകാനാണ് ധാരണ. അങ്ങിനെയെങ്കിൽ ചെയർമാൻ സ്ഥാനത്തേക്ക് റീത്തപോൾ, റെജി മാത്യു, പി.സിചാക്കോ പക്ഷക്കാരനായ അഡ്വ. ഷിയോ പോൾ എന്നിവരിൽ ആരെങ്കിലും എത്തിയേക്കും. ഐ വിഭാഗത്തിൽ പ്രധാന പരിഗണന ഐ വിഭാഗത്തിലെ മാത്യു തോമസിനാണ്. ജയിച്ച കൗൺസിലർ മാരിൽ മേൽക്കൈ എ പക്ഷത്തിനാണ്. ചെയർമാൻ ജനറൽ വിഭാഗത്തിനായതിനാൽ റീത്ത പോളിന് ആദ്യ ടേം ചെയർമാൻ സ്ഥാനം ലഭിക്കണമെങ്കിൽ കെ .പി.സി.സിയുടെ ഗൈഡ് ലൈൻ വരണം. തുടർച്ചയായി 5-ാം തവണയാണ് റീത്ത പോൾ കൗൺസിലിൽ എത്തുന്നത്. റീത്ത പോളിനെ തഴഞ്ഞാൽ ആദ്യം ടേം ചെയർമാൻ സ്ഥാനം എ വിഭാഗത്തിലെ തന്നെ റെജി മാത്യുവിന് ലഭിച്ചേക്കും. 30ൽ 15 വാർഡുകളിൽ വിജയിച്ചാണ് അങ്കമാലി കോൺഗ്രസ് തിരിച്ച് പിടിച്ചത്. ഇതോടെ കോൺഗ്രസിന് മറ്റാരുടേയും പിന്തുണയില്ലാതെ ഭരിക്കാം. എൽ.ഡി.എഫ് 10 ,എൻ.ഡി.എ 2,സ്വതന്ത്രർ 3 എന്നിങ്ങനെയാണ് കക്ഷിനല.