കൊച്ചി: കോർപ്പറേഷനിൽ മേധാവിത്വം ഉറപ്പിച്ച് എൽ.ഡി.എഫ് മുന്നോട്ടു നീങ്ങുമ്പോഴും കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ശ്രമം തുടരുന്നു. ലീഗ് വിമതനായ ടി.കെ.അഷ്‌റഫിന് മേയർ സ്ഥാനമാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ളീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ. ഏതു വിധേനയും കൊച്ചി കോർപ്പറേഷൻ നിലനിർത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം യാഥാർത്ഥ്യമാക്കുന്നതിനായി ടോണി ചമ്മിണിയുടെയും ഹൈബി ഈഡന്റെയും നേതൃത്വത്തിലാണ് വിമതൻമാരെ പാട്ടിലാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.
മേയർ തിരഞ്ഞെടുപ്പ് 28 നാണ്. വിജയിച്ച അഞ്ച് വിമതൻമാരിൽ രണ്ടു പേർ എൽ.ഡി.എഫിനും ഒരാൾ യു.ഡി.എഫിനും പിന്തുണ അറിയിച്ചിട്ടുണ്ട്.
പിന്തുണ ഉറപ്പിച്ച് എൽ.ഡി.എഫ്
രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെ കോർപ്പറേഷൻ ഭരണം ഉറപ്പായതോടെ അഡ്വ. എം. അനിൽകുമാറിനെ മേയറാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ് . ടി.കെ. അഷ്‌റഫിന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. പനയപ്പിള്ളി ഡിവിഷനിൽ നിന്ന് വിജയിച്ച ജെ. സനിൽമോൻ ഇടതുമുന്നണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മുണ്ടംവേലിയിൽ നിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരുകക്ഷിയെയും പിന്തുണക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മാനാശ്ശേരിയിലെ സി.പി.എം വിമത കൗൺസിലർ കെ.പി. ആന്റണിയെ ഏതെങ്കിലും വിധത്തിൽ അനുനയിപ്പിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. പിന്തുണ തേടി എൽ.ഡി.എഫും അദ്ദേഹത്തിന്റെ പിന്നാലെയുണ്ട്.
നിലവിലെ കക്ഷിനില
എൽ.ഡി.എഫ് : 34
സ്വതന്ത്രൻമാർ : 2
ആകെ : 36
യു.ഡി.എഫ് : 31
സ്വതന്ത്ര : 1
ആകെ : 32
ബി.ജെ.പി : 5
ഉൾപ്പോരിൽ പുകഞ്ഞ് കോൺഗ്രസ്
വിജയസാദ്ധ്യത പരിഗണിക്കാതെ ചില നേതാക്കൾ ഇഷ്‌ടക്കാർക്ക് സീറ്റ് പങ്കിട്ടതാണ് കോർപ്പറേഷനിലെ തോൽവിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. കോൺഗ്രസിലെ തമ്മിലടിയുടെ തുടർച്ചയാണ് എൻ.വേണുഗോപാൽ, കെ.ആർ.പ്രേമകുമാർ, ഷൈനി മാത്യു എന്നിവരുടെ തോൽവി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾ മൂലമാണ് കോൺഗ്രസ് കോട്ടയായ സൗത്ത്, രവിപുരം ഡിവിഷനുകൾ നഷ്‌ടപ്പെട്ടതെന്ന് മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തുന്നു.
അമർഷത്തോടെ സി.പി.എം അണികൾ
ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതിലും ശക്തികേന്ദ്രങ്ങളിലെ ഉറച്ച സീറ്റുകൾ നഷ്ടപ്പെട്ടതിനെയും ചൊല്ലി സി.പി.എമ്മിലും കലഹം മൂർച്ഛിക്കുകയാണ്. കൽവത്തി, കരിപ്പാലം, പനയപ്പള്ളി,കരുവേലിപ്പടി, മൂലങ്കുഴി , പുതുക്കലവട്ടം, പോണേക്കര തുടങ്ങിയ ഡിവിഷനുകളും നഷ്ടപ്പെട്ടത് നേതൃത്വത്തിന്റെ നോട്ടക്കുറവു കൊണ്ടാണെന്ന് ആക്ഷേപമുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പല സ്ഥാനമോഹികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതും പ്രചാരണത്തെ ദുർബലമാക്കി.