
കൊച്ചി: കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തിങ്കളാഴ്ച്ചയോടെ പൂർവ സ്ഥതിയിലാവും. ഘട്ടംഘട്ടമായി മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ സർവീസുകളുടെ എണ്ണം 60 വരെയാക്കി ഉയർത്തും. 70 വരെ സർവീസുകളാണ് ലോക്ക്ഡൗണിന് മുമ്പ് എറണാകുളം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ബാക്കിയുള്ളവ യാത്രാക്കാരുടെ ആവശ്യാനുസരണമാകും വർദ്ധിപ്പിക്കുക. ജീവനക്കാരുടെയും ബസുകളുടെയും അഭാവമുള്ളതിനാൽ കൃത്യമായി പദ്ധതി ഇതിനായി തയ്യാറാക്കും. ശേഷമായിരിക്കും സർവീസ് ആരംഭിക്കുക.
നിലവിൽ 30 ബസുകൾ വരെയാണ് സർവീസ് നടത്തുന്നത്. ഇരുപത് ഫാസ്റ്റ് ബസുകളും 14 സൂപ്പർ ഫാസ്റ്റ് ബസുകളും ബാക്കി ഓർഡിനറി ബസുകളുമാണ് ഓടിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടിക്കുന്ന സംവിധാനം നിലനിറുത്തിയാണ് സർവീസുകൾ ക്രമീകരിക്കുക.
ജൻറം ബസുകളും
ഓടി തുടങ്ങി
കെ.യു.ആർ.ടി.സി. വോൾവോ ജൻറം ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. തേവര സ്റ്റാൻഡിൽ നിന്ന് സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലേക്ക് ആരംഭിച്ചു. 20 തിരുവനന്തപുരം സർവീസുകളും മൂന്നു കോഴിക്കോട് സർവീസും ഒരു തൊടുപുഴ സർവീസുമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. വരുമാനം വർദ്ധിക്കുന്നതിന് അനുസൃതമായി കൂടുതൽ ബസുകൾ സർവീസ് നടത്തും. കോഴിക്കോടേക്ക് കൂടുതൽ സർവീസുകൾ വൈകാതെ ആരംഭിക്കും.
ക്രിസ്മസ് പുതുവത്സര
സർവീസ് 21 മുതൽ
അന്തർസംസ്ഥാന യാത്രാക്കാർക്കായി ക്രിസ്മസ്, പുതുവത്സര പ്രത്യേക ബസുകൾ 21 മുതൽ ജനുവരി നാലുവരെ ആരംഭിക്കും. രണ്ടു ബസുകളാണ് ഇക്കുറി ബാംഗ്ലൂർ സർവീസുള്ളത്. കോഴിക്കോട്, തൃശൂർ, കോട്ടയം, കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ ഡീലക്‌സ് ബസുകളുണ്ടാകും. ഓൺലൈനിലൂടെ റിസർവേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസുകൾ ക്രമീകരിക്കുക.
ജീവനക്കാരുടെ
ക്രമീകരണം നടത്തും
യാത്രാക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. വരും ദിവസങ്ങളിൽ യാത്രക്കാരെ അനുസരിച്ചാവും ബസുകൾ ഓടിക്കുക. ജീനക്കാരുടെ ക്രമീകരണങ്ങൾ നടത്തിയ ശേഷം സർവീസുകൾ പൂർവസ്ഥിതിയിലാവും.
വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം