
മൂവാറ്റുപുഴ: കർഷക ദ്രോഹ ബില്ല് പിൻവലിക്കും വരെ കർഷക ജനതാ പ്രക്ഷോഭം തുടരുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ അഖിലേന്ത്യേ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉത്പാദന, വാണിജ്യ മേഖലകൾ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ് രൂപം കൊടുത്തിട്ടുള്ള ബിൽ കർഷകരെ കുത്തകകളുടെ അടിമയാക്കി മാറ്റും. കരാർ കൃഷി വ്യവസ്ഥയനുസരിച്ച് കർഷകർ എക്കാലത്തേയും അടിമകളായി മാറ്റുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ, പി.കെ ബാബുരാജ്, എൻ.പി പോൾ, കെ.എ നവാസ്, സീന ബോസ്, കെ.എ സനീർ, കെ. കെ ഗിരീഷ്, വി.കെ മണി, എം.ഐ കുര്യാക്കോസ്, എൽദോ മുകളേൽ എന്നിവർ സംസാരിച്ചു. സമരത്തിൽ നേതാക്കളായ ജോർജ് മുണ്ടയ്ക്കൽ, കെ ബി ബിനീഷ്‌കുമാർ, കെ എ സജി, എം വി സുഭാഷ്, കെ ആർ രാജൻ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിജയിച്ച ജനപ്രതിനിധികളായ സിബിൾ സാബു, സെബി.കെ.സണ്ണി, എൻ കെ ഗോപി, ഷിബി കുര്യാക്കോസ്, കെ ജി രാധാകൃഷ്ണൻ, സരള രാമൻ നായർ എന്നിവർ പങ്കെടുത്തു.