m

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ ഏക സംഘടന ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവുമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. എറണാകുളം ജില്ലയിലെ പുതി​യ പാർട്ടി​ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീറ്റുകളുടെ കാര്യത്തിൽ 23 ശതമാനം വർദ്ധനയാണ് ബി.ജെ.പിക്കുണ്ടായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സി.പി.എമ്മിനും കോൺഗ്രസിനും സീറ്റുകൾ കുറഞ്ഞു.

പ്രചാരണ രംഗത്ത് നിന്ന് ഒളിച്ചോടിയ മുഖ്യമന്ത്രി ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. ബി.ജെ.പിക്ക് ശക്തി കുറഞ്ഞ എറണാകുളം മുതൽ സി.പി.എമ്മിന് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ശക്തിയുള്ള കണ്ണൂരിൽ വരെ ബി.ജെ.പി നേടിയ വിജയം കേരളത്തിൽ മുഴുവൻ നരേന്ദ്ര മോദി സ്വീകാര്യനാണെന്ന സന്ദേശമാണ് നൽകുന്നത്.

സ്വർണക്കടത്തുകാരെ രക്ഷിക്കാനുള്ള നി​രന്തരശ്രമത്തി​ലാണ് സംസ്ഥാന സർക്കാർ. സ്വപ്നയുടെ ആദ്യ ശബ്ദസന്ദേശം മുതൽ ഇക്കാര്യം വ്യക്തമാണ്. അതിന് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം അല്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ, പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇവരൊക്കെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കിടക്കുകയാണ്. ഇതൊന്നും ശരിയല്ലെന്ന് ജനവിധി തെളിയിച്ചെന്ന് വ്യാഖ്യാനിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

കോൺഗ്രസ് അസ്തമയത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതായി മുരളീധരൻ പറഞ്ഞു.