water

ആലുവ: കുടിവെള്ള ക്ഷാമ രൂക്ഷമായ തുരുത്തിൽ ഭൂഗർഭ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയാകുന്നു. പെരിയാറിന് നടുവിലുള്ള ഗ്രാമത്തിൽ കിണറുകളുണ്ടെങ്കിലും വേനലിന്റെ തുടക്കത്തിൽ തന്നെ അവ വറ്റും. പുഴയിൽ ജലനിരപ്പ് താഴുന്നതാണ് കിണറുകൾ വറ്റാൻ കാരണം. മണൽവാരി പുഴക്ക് ആഴം വർദ്ധിച്ചതോടെയാണ് തുരുത്തുകാരുടെ ദുരിതം ആരംഭിക്കുന്നത്. തുരുത്ത് പാണ്ടിപ്പുഴ മുതൽ ഉസ്മാനിയ വരെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള കുടിവെള്ള പൈപ്പുകൾ റോഡിന് നടുവിലാണ്. പൈപ്പ് സ്ഥാപിക്കുന്ന സമയത്ത് ഇടുങ്ങിയ റോഡായിരുന്നു. പിന്നീട് വീതി കൂട്ടിയതോടെ പൈപ്പ് റോഡിന്റെ മദ്ധ്യഭാഗത്തായി. കാലപ്പഴക്കം മൂലം പെെപ്പുകളെല്ലാം ദ്രവിച്ചു. പൈപ്പ് പൊട്ടുന്നിടത്തല്ല പലപ്പോഴും വെള്ളം റോഡിന് മുകളിലേക്ക് വരുന്നത്. അതിനാൽ അറ്റകുറ്രപ്പണിക്കായി റോഡിൽ പല ഭാഗങ്ങളിലുമായി കുഴിയെടുക്കേണ്ടി വരും. ഇത് അറ്റകുറ്രപ്പണി നീളാണ് ഇടയാക്കും. പുതിയ കുടിവെള്ള പൈപ്പുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് അൻവർ സാദത്ത് എം.എൽ.എക്കും ജല അതോറിറ്റി അധികൃതർക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.