accused

കൊച്ചി: മാളിൽവച്ച് അപമാനിച്ചവരെ യുവനടി തിരിച്ചറിഞ്ഞതോടെ പ്രതികളായ രണ്ടു യുവാക്കളുടെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടു. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ നടിക്ക് വാട്സ് ആപ്പിലൂടെ നൽകിയാണ് പൊലീസ് തിരിച്ചറിയൽ നടത്തിയത്.

ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, മാൾ, എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

മാസ്ക് ധരിച്ചിട്ടുള്ളതിനാൽ മുഖം വ്യക്തമല്ല. പരിചയമുള്ളവർക്ക് തിരിച്ചറിയാനും വേഗത്തിൽ കണ്ടെത്താനും കഴിയുമെന്നതിനാലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പൊലീസിന്റെ മുഴുവൻ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.

17ന് വൈകിട്ട് 5.45നാണ് പ്രതികൾ മാളിലെത്തിയത്. ഇട‌പ്പള്ളി മെട്രോ സ്‌റ്റേഷനിൽ നിന്ന് നേരെ മാളിലേക്ക് കയറുകയായിരുന്നു. 7.02നാണ് നടിയെ അപമാനിച്ചത്. 7.45ന് പുറത്തിറങ്ങിയ പ്രതികൾ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെത്തി. പിന്നീട് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ സ്‌റ്റേഷനിൽ എത്തി യാത്ര തുടർന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ട്രെയിൻ കയറി പോയതിനാൽ ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് സംശയിക്കുന്നു. മാളിലെ രജിസ്‌റ്ററിൽ പേരും ഫോൺനമ്പരും എഴുതാതെ, സെക്യൂരിറ്റി​യെ കബളിപ്പിച്ചാണ് യുവാക്കൾ ഹൈപ്പർമാർക്കറ്റിൽ പ്രവേശിച്ചത്. രണ്ടു മണിക്കൂർ കറങ്ങിയതല്ലാതെ ഒരു സാധനംപോലും വാങ്ങിയില്ല.

നടി ലൊക്കേഷനിലായതിനാൽ ഇന്നലെ വനിതാ കമ്മിഷനും പൊലീസിനും മൊഴിയെടുക്കാനായില്ല. രണ്ടുകേസുകളും സ്വമേധയാ എടുത്തതാണ്. സഹോദരി, അമ്മ എന്നിവർക്കൊപ്പമാണ് യുവനടി മാളിലെത്തിയത്. അപമാനിച്ചതിനുശേഷവും യുവാക്കൾ പിന്നാലെ ശല്യപ്പെടുത്താൻ എത്തിയിരുന്നു. സംഭവം ഇൻസ്‌റ്റഗ്രാമിലൂടെയാണ് നടി പുറംലോകത്തെ അറിയിച്ചത്.