
കിഴക്കമ്പലം: തിരഞ്ഞെടുപ്പിലെ സി.പി.എം സ്നേഹം പുതുക്കലിൽ നടുവൊടിഞ്ഞ് സി.പി.ഐ. കിഴക്കമ്പലത്തെ 14ാം വാർഡിലാണ് മുന്നണിക്കാർ തന്നെ സ്വന്തം സ്ഥാനാർത്ഥിയെ തേച്ചത് ! സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ഡി വർഗീസായിരുന്നു 14ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ദീർഘകാലം സി.പി.എം സഹയാത്രികനായിരുന്ന വർഗീസ്. എന്നാൽ ചില പ്രദേശിക പ്രശ്നങ്ങളുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് പാർട്ടി വിട്ട് സി.പി.ഐ ചേക്കേറി. ഇക്കുറി
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വർഗീസ് മത്സര രംഗത്തെത്തി. പ്രചാരണ സമയത്തെല്ലാം മുന്നണി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എന്നാൽ വോട്ടെണ്ണി തീർന്നപ്പോൾ സി.പി.ഐയുടെ കണ്ണു തള്ളി. വർഗീസ് രണ്ടക്കം കടന്നില്ല. തപാൽ വോട്ടടക്കം പെട്ടിയിൽ വീണത് 9 വോട്ട്. ഇതേ വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 36 വോട്ട്. സി.പി.എമ്മിന്റെ 13 പാർട്ടി മെമ്പർമാരിൽ ഒരാൾപോലും വാർഡിൽ തങ്ങൾക്ക് വോട്ട് ചെയ്തില്ലെന്ന് സി.പി.ഐ നേതൃത്വം കുറ്റപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്. ഇലക്ഷൻ പ്രചാരണത്തിന് മുപ്പതിലേറെ എൽ.ഡി.എഫ് പ്രവർത്തകരാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. യു.ഡി.എഫിന് വോട്ടു മറിച്ചു നൽകിയെന്നാണ് സി.പി.ഐ യുടെ പരാതി. ഇതിനെതിരെ മുന്നണി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.