കൊച്ചി: ചെല്ലാനം പ്രദേശത്തെ കടൽ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുതകുന്ന പുതിയ സാങ്കേതികവിദ്യയുമായി ഫൈവ് സ്റ്റാർ സർവീസ് ഗ്രൂപ്പ്. ചെല്ലാനം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഫൈവ് സ്റ്റാർ.
നിലവിലുള്ള ദുർബലമായ കടൽഭിത്തികൾക്ക് പകരം 2 ടണ്ണിലേറെ ഭാരമുള്ള ചെൽപ്ലോയിഡ് എന്ന പ്രത്യേകതരം 3ഡി ഇന്റർലോക്കിംഗ് സിമന്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള സംരക്ഷണകവചമാണ് ആശയം.
ഒരു മീറ്റർ വലിപ്പവും 12 മുഖങ്ങളുമുള്ള കടുപ്പമേറിയ കോൺക്രീറ്റ് ബ്ലോക്കാണ് ചെൽപ്ലോയിഡ്. ചെല്ലാനത്തിന്റെ ചെല്ലും ഇഷ്ടികയെന്ന അർത്ഥംവരുന്ന പ്ലോയിഡും ചേർത്താണ് ഇതിന്റെ പേര്.. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ അവകാശപ്പെട്ടു. നിലവിലുള്ള കടൽ ഭിത്തികൾക്ക് 600 കിലോഗ്രാം ഭാരമുള്ള കല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ കല്ലുകൾ തള്ളിനീക്കാൻ ശേഷിയുള്ള തിലമാലകളാണ് ചെല്ലാനം തീരത്ത് അടിക്കുന്നത്. എന്നാൽ ചെൽപ്ലോയിഡിന് 2 ടണ്ണിലേറെ ഭാരമുള്ളതുകൊണ്ട് എത്രഭീമൻ തിരമാലകൾ വന്നാലും തള്ളിനീക്കാനാവില്ല. ഇതുപയോഗിച്ച് നിർമിക്കുന്ന കടൽ ഭിത്തിക്കുമുകളിലൂടെ ട്രക്കുകളും മറ്റ് ഭാരവാഹനങ്ങളും ഓടിച്ചുകൊണ്ടുപോകാനും സാധിക്കും. സിമന്റും മറ്റ് കോൺക്രീറ്റ് മിശ്രിതങ്ങളും ഉപയോഗിച്ച് കടൽ തീരത്തുവച്ചുതന്നെ നിർമിക്കാനാകുമെന്നതും ചെൽപ്ലോയിഡിന്റെ പ്രത്യേകതയാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ പരിശോധനയ്ക്ക് ശേഷം പദ്ധതി അംഗീകരിച്ചാൽ ചെല്ലാനം പ്രദേശത്തിന് മാത്രമല്ല, രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന മുഴുവൻ പ്രദേശങ്ങൾക്കും ചെൽപ്ലോയിഡ് രക്ഷാകവചമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംഘടന ചെയർമാൻ അഡ്വ. ജോസി സേവ്യർ, ജലമാനേജ്മെന്റ് വിദഗ്ധനും ചെൽപ്ലോയിഡിന്റെ ഉപജ്ഞാതാവുമായ കെ.ജെ ആന്റണി കളത്തിങ്കൽ, പോളോ മരിയൻ, ഡോ. അഭിജിത്ത് ഡി. ഭട്ട്, കെ.ടി. അഗസ്റ്റിൻ കുട്ടിശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.