കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. തൃശൂർ സ്വദേശി വി.നന്ദകുമാർ ബോർഡ് പ്രസിഡന്റാകുമെന്നാണ് സൂചന. തൃശൂരിലെ സി.പി.ഐ നേതാവ് എം.ജി. നാരായണൻ, എറണാകുളത്തെ സി.പി.എം നേതാവ് വി.കെ. അയ്യപ്പൻ എന്നിവരാകും അംഗങ്ങൾ.
ഇന്ന് നിയമസഭയിലെ ഹിന്ദു എം.എൽ.എമാർ ചേർന്നാണ് ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുക. സെക്രട്ടേറിയറ്റ് ദർബാർ ഹാളിലാണ് തിരഞ്ഞെടുപ്പ് നടപടികൾ. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുക്കും. വൈകിട്ട് തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.
കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് വി.കെ.അയ്യപ്പൻ, കെ.കെ.തിരുമേനി എന്നിവരാണ് മത്സരിക്കുന്നത്. മറ്റ് രണ്ട് പേരെ സർക്കാർ നോമിനേറ്റ് ചെയ്യുകയാണ്. ബോർഡ് പ്രസിഡന്റിനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ ചേർന്ന് നിശ്ചയിക്കും.
പട്ടികജാതി പ്രതിനിധിയായാണ് വി.കെ.അയ്യപ്പൻ മത്സരിക്കുന്നത്. വിജയം ഉറപ്പാണ്.
നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൽ ഭരണസമിതിയില്ല. ഉണ്ടായിരുന്ന ബോർഡിന്റെ കാലാവധി ഡിസംബറിൽ കഴിഞ്ഞു.
പ്രസിഡന്റാകുമെന്ന് കരുതുന്ന വി.നന്ദകുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻ അസി.ജനറൽ മാനേജരായിരുന്നു. സി.പി.എം സഹയാത്രികനാണ്. ഇപ്പോൾ ബോർഡിന്റെ തന്നെ തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റാണ്.
പുത്തൻകുരിശ് കാണിനാട് സ്വദേശിയായ വി.കെ.അയ്യപ്പൻ സി.പി.എമ്മിന്റെ കോലഞ്ചേരി ഏരിയാ സെക്രട്ടറിയും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗവുമാണ്.