banana

കോലഞ്ചേരി: നാല് കിലോ ഏത്തപ്പഴം 100 രൂപ ! വഴിയരികിലെ വില്പന പൊടിപൊടിക്കുകയാണ്. എന്നാൽ വാങ്ങുന്നവർ അറിയുന്നുണ്ടോ കർഷകരുടെ കണ്ണീരിന്റെ നനവ് ? ഒരു കിലോ ഏത്തപ്പഴത്തിന് കർഷകന് കിട്ടുന്നത് 10 രൂപയിൽ താഴെയാണ്. അതായത് മുടക്കുമുതലിന്റെ ഒരു ശതനമാനം മാത്രം. ഫലത്തിൽ ഒരുതവണ വിളവെടുക്കുമ്പോഴും കടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഓരോ കർഷകനും.ലക്ഷങ്ങൾ മുടക്കി പാട്ടത്തിനും സ്വന്തം ഭൂമിയിലും കൃഷിയിറക്കിയ തുമുൾപ്പടെ എട്ട് നിലയിൽ പൊട്ടിയ അവസ്ഥയിലാണ് ഇവർ. ജില്ലയിൽ തിരുവാണിയൂർ, മഴുവന്നൂർ, കുന്നത്തുനാട് മേഖലയിലെ കർഷകരിൽ ഭൂരിഭാഗം പേരും ആത്മഹത്യാ മുനമ്പിലാണ്. കാർഷിക വായ്പകളും, മറ്റുള്ള കൊള്ളപ്പലിശക്കാരിൽ നിന്നുമടക്കം പണമെടുത്ത് കൃഷി തുടങ്ങിയതാണ് അധികവും. നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോ‌ടെ എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് കർഷകർ. കാർഷികോത്പന്നങ്ങൾക്ക് വിലത്തകർച്ചയുണ്ടാകുമ്പോൾ ജനങ്ങളിൽ എത്തിക്കുന്ന ഇടനിലക്കാർ അവരുടെ ലാഭത്തിൽ കുറവ് വരാൻ ഒരിക്കലും തയ്യാറാവില്ല. എല്ലാം ഭാരവും ചെന്നെത്തുന്നത് തങ്ങളുടെ ചുമലിലാണ്. ഒരു നേന്ത്റക്കുലയെങ്കിലും നേരിട്ട് ഏതെങ്കിലും ഒരു കർഷകന്റെ കൈയിൽ നിന്ന് വില പേശാതെ വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.