കോലഞ്ചേരി: തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയതിന് പിന്നാലെ കുന്നത്തുനാട്ടിൽ കോൺഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏ​റ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃ സ്ഥാനം രാജി വക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ രംഗത്തെത്തിയതിന് പിന്നാലെ കുന്നത്തുനാട്ടിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണം വി.പി.സജീന്ദ്രൻ എം.എൽ.എയാണെന്ന ആരോപണവുമായി മുൻ ഡി.സി.സി സെക്രട്ടറിയും യൂത്ത് കോൺഗ്രസ് ദേശീയ കോഓർഡിനേറ്ററുമായ ബി.ജയകുമാർ രംഗത്ത് വന്നതാണ് ആഭ്യന്തര കലഹത്തിന് വഴിവച്ചിരിക്കുന്നത്. മഴുവന്നൂർ, ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പിനെ നയിച്ച എം.എൽ.എക്കാണെന്നും സ്ഥാനാർത്ഥി നിർണയ സമയത്ത് ജയസാദ്ധ്യതയുള്ളവരെ ഒഴിവാക്കി ഗ്രൂപ്പും സ്വാധീനങ്ങളും മാത്രമാണ് പരിഗണിച്ചത്.വോട്ടർമാരുടെ ഒപ്പു ശേഖരിച്ച് എ.ഐ.സി.സിക്കും കെ.പി.സി.സിക്കും നിവേദനം നൽകുമെന്നും ജയകുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.