udf

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് ചുമതല ഏൽക്കാനിരിക്കെ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാൻ യു.ഡി.എഫ് യോഗം നാളെ ചേരും. ജില്ലയിൽ മേധാവിത്തം നിലനിറുത്തിയെങ്കിലും കൊച്ചി കോർപ്പറേഷനും പിറവം, കൂത്താട്ടുകുളം, കോതമംഗലം മുനിസിപ്പാലിറ്റികളും നഷ്ടമായതിൽ ഘടകകക്ഷികൾ ആശങ്കയിലാണ്. കേരള കോൺഗ്രസുകൾ, മുസ്ളീം ലീഗ് എന്നിവയ്ക്കാണ് ജില്ലയിൽ സാരമായ നഷ്‌ടം സംഭവിച്ചത്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ നാളെ രാവിലെ 11 ന് ഡി.സി.സി ഓഫീസിലാണ് യോഗം ചേരുക. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ കൊവിഡ് ചികിത്സയിൽ കഴിഞ്ഞതുമൂലമാണ് യോഗം വൈകിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ജില്ലയിൽ വലിയ ക്ഷീണമുണ്ടായില്ലെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. എങ്കിലും സംസ്ഥാനത്ത് മൊത്തം യു.ഡി.എഫിന് തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗൗരവമായ ചർച്ചയും തിരുത്തൽ നടപടികളും ആവശ്യമാണെന്ന് ഘടകകക്ഷികൾ ഉന്നയിച്ചിട്ടുണ്ട്. പിറവം, കൂത്താട്ടുകുളം നഗരസഭകൾ രൂപീകരിച്ച കാലം മുതലും മുൻപ് ഗ്രാമപഞ്ചായത്തായിരുന്ന കാലത്തും യു.ഡി.എഫാണ് ഭരിച്ചിരുന്നത്. കേരള കോൺഗ്രസുകൾക്ക് മുൻതൂക്കമുള്ള ഭരണവുമായിരുന്നു. രണ്ടിടവും ഇക്കുറി എൽ.ഡി.എഫ് പിടിച്ചടക്കി. പിറവം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് രണ്ടു നഗരസഭകളും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പാണ് വർഷങ്ങളായി ഇവിടുത്തെ എം.എൽ.എ. മുൻമന്ത്രിയും പാർട്ടി ചെയർമാനുമായ ടി.എം. ജേക്കബ് നിരവധി തവണ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകൻ അനൂപ് ജേക്കബാണ് എം.എൽ.എ.

പിറവത്തെയും കൂത്താട്ടുകുളത്തെയും തോൽവി ജേക്കബ് ഗ്രൂപ്പിനെ ആശങ്കയിലാക്കി. ജോസ് കെ. മാണി വിഭാഗത്തിന്റെ ബലത്തിലാണ് രണ്ടു നഗരസഭകളും എൽ.ഡി.എഫ് പിടിച്ചെടുത്തത്. ജോസ് വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിലും കരുത്ത് കാട്ടിയാൽ തങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്ക ജേക്കബ് ഗ്രൂപ്പ് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി ലീഡർ കൂടിയായ അനൂപ് ജേക്കബിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നത് ഒഴിവാക്കാൻ പാർട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു.

കോതമംഗലം മുനിസിപ്പാലിറ്റിയും വർഷങ്ങളായി യു.ഡി.എഫിന്റെ കീഴിൽ ഭരിച്ചതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ തോൽവി വിഷമിപ്പിക്കുന്നത് പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസിനെയാണ്. ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കളുടെ നാടുകൂടിയാണ് കോതമംഗലം. അവിടെയുണ്ടായ തോൽവി പാർട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോതമംഗലത്ത് വർഷങ്ങൾക്കുശേഷം എൽ.ഡി.എഫാണ് ജയിച്ചത്. കേരള കോൺഗ്രസുകൾക്ക് സ്വാധീനമുള്ള കാർഷിക, ക്രിസ്ത്യൻ മേഖലയിൽ ജോസഫ് വിഭാഗത്തിന്റെ ബലക്ഷയമാണ് നഗരസഭയുടെ നഷ്ടം സൂചിപ്പിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകളാണ് അട്ടിമറിക്ക് വഴിതെളിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുസ്ളീംലീഗിനും നഷ്ടങ്ങളുണ്ട്. കൊച്ചി കോർപ്പറേഷനിൽ അഞ്ചിടത്ത് മത്സരിച്ചെങ്കിലും ഒരാൾ മാത്രമാണ് ജയിച്ചത്. ശക്തികേന്ദ്രങ്ങളിൽ തന്നെയാണ് ലീഗിന് തിരിച്ചടി നേരിട്ടത്. വിമതനായി മത്സരിച്ച ടി.കെ. അഷ്റഫ് വിജയിച്ചതും ലീഗിന് ആഘാതമായി.

അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര നഗരസഭകൾ ഇക്കുറി തിരിച്ചുപിടിച്ചതാണ് യു.ഡി.എഫ് നേതൃത്വത്തിന് ആശ്വാസം നൽകുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുൻതൂക്കം നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് നേതാക്കൾ വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുന്നണിയെ ശക്തമാക്കുന്നതിനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പരിപാടികൾ ആവിഷ്കരിക്കണമെന്നാണ് യു.ഡി.എഫിൽ പൊതുവായ നിർദ്ദേശമെന്ന് നേതാക്കൾ പറഞ്ഞു.