
പറവൂർ: പറവൂർ തത്തപ്പിള്ളിയിൽ പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ വൻ അഗ്നിബാധ. ആളപമായില്ല. രണ്ടരക്കോടി രൂപയുടെ നാശനഷ്ടം. അന്ന പ്ളാസ്റ്റിക് എന്ന സ്ഥാനപത്തിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ജനവാസ മേഖലയോടെ ചേർന്നാണ് കമ്പനി
പ്രവർത്തിച്ചിരുന്നത്. പുതിയ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗ്യാസ് വെൽഡിംഗ് ജോലികൾ കമ്പനിയിൽ നടന്നിരുന്നു. ഇതിനിടെ തീപടർന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വെൽഡിൽ തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.സ്ഥാപനത്തിൽ ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. അവധിദിനമായതിനാൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതേസമയം തീപിടിത്തത്തെ തുടർന്നുണ്ടായ പുകയും രൂക്ഷഗന്ധവും അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തൊട്ടടുത്ത് വീടുകൾക്കും മറ്റും കാര്യമായ നാശനഷ്ടം ഉണ്ടായില്ല. വൈകിട്ട് മൂന്ന് മണിയോടെ തീ ഭാഗീകമായി അണച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ എട്ട് യൂണിറ്റ് ഫയർ യൂണിറ്റുകൾ മൂന്നര മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പറവൂർ സ്വദേശി ലിജു മൂഞ്ഞേലിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. കെട്ടിടമുൾപ്പടെ എല്ലാ വസ്തുക്കളും ഉപകരണങ്ങളും അഗ്നിക്കിരയായി. ഏതാണ്ട് രണ്ടര കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ ലിജു മൂഞ്ഞേലി പറഞ്ഞു. കമ്പനിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽ നിന്നുമടക്കം ശേഖരക്കുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഇവിടെ എത്തിച്ച് സംസ്കാരിച്ച് ഗ്രാനൂട്ടുകളാക്കി നൽകുന്നത്.