badran

പറവൂർ: ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ സി.പി.എം നേതാവ് എം.ബി. സ്യമന്തഭദ്രനെ പരാജയപ്പെടുത്താൻ സ്വന്തം പാർട്ടിയിൽ തന്നെ കരുനീക്കം നടന്നതായി ആരോപണം. രഹസ്യ ധാരണ ഉണ്ടാക്കിയവരെയും വോട്ട് ചെയ്യാതെ മാറി നിന്നവരെയും കണ്ടെത്തണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് പരാതി അയച്ചതായും സൂചനയുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സ്യമന്ത്രഭദ്രന് ലഭിക്കാത്തത് ഇതിനുതെളിവാണെന്ന് സ്യമന്തഭദ്രന്റെ അനുകൂലികൾ പറയുന്നു.

സി.പി.എം ജില്ല കമ്മിറ്റിയിൽ നിന്നും ഇക്കുറി മത്സരിച്ച ഏക നേതാവാണ് സ്യമന്തഭദ്രൻ. മുൻ ജില്ലാ പഞ്ചായത്ത് അംഗവും പറവൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ട്രേഡ് യൂണിയൻ നേതാവ് കൂടിയായ സ്യമന്തഭദ്രൻ വിജയിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത് തടയാൻ ന്യൂനപക്ഷ സമുദായത്തിനൊപ്പം ചേർന്ന് കൂട്ടായശ്രമം പാർട്ടിയിലെ ചിലർ നടത്തിയെന്നാണ് സൂചന.

കോട്ടുവള്ളിയിൽ കടുങ്ങല്ലൂർ ഡിവിഷനിൽ നിന്നും മത്സരിച്ച് വിജയിച്ച യേശുദാസ് പറപ്പിള്ളിയെയാണ് ഒരു വിഭാഗം ആദ്യം ഉയർത്തി കാണിച്ചത്.

മൂത്തകുന്നത്തെ സി.പി.എം സ്ഥാനാർത്ഥിയും പറവൂർ ഏരിയ കമ്മിറ്റിയംഗവുമായ എ.എസ്. അനിൽകുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. രണ്ട് പേരും പിണറായി പക്ഷക്കാരാണ്.

സ്ഥാനാർത്ഥിയായതു മുതൽ സ്യമന്തഭദ്രനെതിരെ രഹസ്യനീക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രചാരണ രംഗത്ത് നേതാക്കളുടെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. മറ്റ് മുന്നണി നേതാക്കളുമായി ചില പ്രാദേശിക നേതാക്കൾ ആശയ വിനിമയം നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. മുതിർന്ന പാർട്ടി മെമ്പർമാർ അടക്കമുള്ള വോട്ട് ചെയ്യാതെ മാറി നിന്നു. സ്യമന്തഭദ്രനെതിരെ ഉണ്ടായ സമുദായ ധ്രുവീകരണത്തെ പാർട്ടി ചെറുത്തതുമില്ല.

പഴയ വി.എസ് പക്ഷക്കാരനായ സ്യമന്തഭദ്രനെ കുറെ നാളുകളായി പാർട്ടിയിൽ ഒതുക്കാൻ ശ്രമം നടന്നു വരികയാണ്. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നിട്ടും ഇത്തവണ ജില്ലാ കമ്മിറ്റിയിൽ ഒതുക്കി.

പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വൈപ്പിനിൽ ചുമതല കൊടുത്ത് പറവൂരിൽ നിന്നും അകറ്റി നിർത്തുകയും ചെയ്തു.