മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിലമെച്ചപ്പെടുത്തിയതായി സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് അറിയിച്ചു. മൂവാറ്റുപുഴ നഗരസഭയടക്കം പഞ്ചായത്തുകളിൽ ഭൂരിഭാഗവും ഇടതുമുന്നണിയെ കൈവിട്ടപ്പോൾ പിടിച്ച് നിൽക്കാനായത് സി.പി.ഐയ്ക്ക് മാത്രം. മൂവാറ്റുപുഴ നഗരസഭയിൽ ആറ് സീറ്റിൽ പാർട്ടി മത്സരിച്ചപ്പോൾ നാല് സീറ്റിൽ വിജയിക്കാനായി.ആയവനയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി 12ാം വാർഡിൽ വിജയിച്ചു. പോത്താനിക്കാട് കഴിഞ്ഞ തവണ മൂന്ന് സീറ്റാണ് ഉണ്ടായിരുന്നത്. ഇക്കുറി 7, 10, വാർഡുകളിൽ വിജയിച്ച് രണ്ട് വാർഡുകൾ ലഭിച്ചു. മഞ്ഞള്ളൂരിൽ ഒരു വാർഡും, ആവോലിയിൽ മൂന്ന് വാർഡും, പാലക്കുഴയിൽ രണ്ട് വാർഡും നേടി. മാറാടിയിൽ ഒരു വാർഡും, വാളകത്ത് ഒരു വാർഡും ലഭിച്ചു. നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ കോതമംഗലം ബ്ലോക്കുകളിലായി അഞ്ച് സീറ്റിലാണ് സി.പി.ഐ മത്സരിച്ചത്. അടൂപറമ്പ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് നിലനിർത്തി, ആയവന ബ്ലോക്ക് പിടിച്ചെടുത്തതടക്കം രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേയ്ക്ക് വിജയിക്കാനായി. 2015ലെ തിരഞ്ഞെടുപ്പിൽ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് പാർട്ടി 46 സീറ്റിലാണ് മത്സരിച്ചത്. 15 ജനപ്രതിനിധികളെ അന്ന് വിജയിപ്പിക്കാനായി. 2020ൽ 42 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. 17 ജനപ്രതിനിധികളെ വിജയിപ്പികാനായത് നേട്ടമായെന്നും ടി.എം.ഹാരീസ് പറഞ്ഞു.