തൃശൂർ: ഏറെ പ്രതീക്ഷകളുമായി തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കാൻ പോരാടിയ ബി.ജെ.പിക്ക് ഇപ്പോൾ കാഴ്ചക്കാരുടെ റോൾ മാത്രം. ആസൂത്രണത്തിന്റെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും പാളിച്ചയും ചില നേതാക്കളുടെ സ്വാർത്ഥ താത്പര്യങ്ങളും ഗ്രൂപ്പുകളികളും പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കിയെന്ന ചിന്തയിലാണ് അണികളും അനുഭാവികളും.
ഭരണത്തിനും മേയർ സ്ഥാനത്തിനുമായി ഇരുമുന്നണികളും ചരടുവലിക്കുന്നത് കണ്ട് നോക്കിയിരിക്കാൻ മാത്രമാണ് ബി.ജെ.പിക്കാരുടെ വിധി. മേയർ സ്ഥാനാർത്ഥിയായി ബി.ജെ.പി ഉയർത്തിക്കാട്ടിയ അഡ്വ.ബി.ഗോപാലകൃഷ്ണനും മുതിർന്ന സിറ്റിംഗ് കൗൺസിലർമാരും തോറ്റു. ലോകസഭാ തിരഞ്ഞെടുപ്പിൽ കനത്ത ഭൂരിപക്ഷമുണ്ടായിരുന്ന ഉറച്ച ഡിവിഷനുകളിൽ അടിവേരിളകി. തൃശൂർ കോർപ്പറേഷൻ ഭരണം സ്വപ്നം കണ്ട് പണമൊഴുക്കി പ്രചരണം നയിച്ച നേതൃത്വം മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ലോകസഭാ മണ്ഡലത്തിൽ മുന്നിലെത്തിയ 18 ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ കുട്ടൻകുളങ്ങരയിലാണ് ബി.ഗോപാലകൃഷ്ണൻ 241 വോട്ടുകൾക്ക് തോറ്റത്. ചെമ്പുക്കാവ് സ്വദേശിയായ ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം കുട്ടൻകുളങ്ങരയിലെ പ്രാദേശിക നേതൃത്വം അംഗീകരിച്ചിരുന്നില്ല. പ്രതിഷേധിച്ച് സിറ്റിംഗ് കൗൺസിലർ രാജി വയ്ക്കുകയും ചെയ്തു.
ബി.ജെ.പിയുടെ ജില്ലയിലെ പ്രമുഖ നേതാവും കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷ നിരയിലെ നിർണായക സാന്നിധ്യവുമായിരുന്ന കെ.മഹേഷ് പ്രതിനിധീകരിച്ചിരുന്ന ചെമ്പുക്കാവ് നഷ്ടപ്പെട്ടത് മറ്റൊരു തിരിച്ചടിയായി. ചെമ്പുക്കാവിൽ നിന്ന് മാറി ഗാന്ധിനഗറിൽ മത്സരിച്ച മഹേഷ് അവിടേയും തോറ്റു. നിർണായകമായ രണ്ട് സീറ്റാണ് മഹേഷിലൂടെ പാർട്ടിക്ക് നഷ്ടമായത്.
ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വനിതാ നേതാവുമായ വിൻസി അരുൺകുമാർ കണ്ണൻകുളങ്ങരയിൽ പരാജയപ്പെട്ടതും നേതൃത്വത്തെ ഞെട്ടിച്ചു. ഉറച്ച ഡിവിഷനുകളിലൊന്നായാണ് ബി.ജെ.പി. കണ്ണൻകുളങ്ങരയെ വിലയിരുത്തിയിരുന്നത്.
പ്രമുഖ നേതാക്കളുടെ തട്ടകമായ കിഴക്കുംപാട്ടുകര 13 ഡിവിഷനിൽ നാലാം സ്ഥാനത്തേക്ക് പതിച്ചാണ് പാർട്ടി പരാജയമേറ്റുവാങ്ങിയത്. സ്വതന്ത്ര സ്ഥാനാർത്ഥിക്കും പിന്നിലായി ഇവിടെ ബി.ജെ.പി.യുടെ സ്ഥാനം.
പൂങ്കുന്നത്ത് നിന്ന് മാറി കാണാട്ടുകരയിൽ മത്സരിച്ച വി. രാവുണ്ണിയും പരാജയമേറ്റുവാങ്ങി. ജില്ലയിലെ പാർട്ടി നേതൃത്വത്തിലെ ഗ്രൂപ്പുകളികളും പരാജയകാരണമായിട്ടുണ്ട്.