klm

കോതമംഗലം: അഞ്ച് വർഷത്തെ മികച്ച പ്രകടനം. പൂയംകുട്ടി വാർഡിൽ നിന്ന് മിന്നും ജയം. ഒടുവിൽ മുന്നണിയിൽ ഏക സ്വരത്തോടെ കാന്തി വെള്ളക്കയ്യൻ കുട്ടമ്പുഴ പഞ്ചായത്തിന്റെ അമരത്തേക്ക്. കുട്ടമ്പുഴയിൽ ആദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്റ് എത്തുന്നത്. ഇന്ന് ചുമതലയേൽക്കുന്നതോടെ ഇത് പുതു ചരിത്രമാകും. ഇടതിൽ നിന്നും അട്ടിമറി ജയത്തോടെ കുട്ടമ്പുഴ പഞ്ചായത്ത് പിടിച്ചെടുത്ത യു.ഡി.എഫിന് അദ്ധ്യക്ഷയെ തിരഞ്ഞെടുക്കാൻ മറ്റിടങ്ങളിലേപ്പോലെ മാരത്തോൺ ചർച്ചകളൊന്നും വേണ്ടി വന്നില്ല. എല്ലാവർക്കും പ്രിയങ്കരിയായ കാന്തി വെള്ളക്കയ്യനെ ഐക്യക്ഠേണ തിരഞ്ഞെടുക്കുകയായിരുന്നു.എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ മൂന്ന് സംവരണ സീറ്റുകളിൽ രണ്ടിടത്ത് യു.ഡി.എഫ് പരാജയപ്പെടുകയും പഞ്ചായത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടുകയും ചെയ്തതോടെയാണ് തലവച്ചപ്പാറ ആദിവാസി കോളനി നിവാസി കൂടിയായ കാന്തി വെള്ളക്കയ്യന് പ്രസിഡന്റ് സ്ഥാനം ഉറപ്പായത്. തങ്ങളുടെ വിഭാഗത്തിൽ നിന്നും ഒരാൾ പഞ്ചായത്ത് പ്രസിഡന്റ് പതവിയിലേക്ക് എത്തുന്നന്റെ സന്തോഷത്തിലാണ് കുട്ടമ്പുഴയിലെ ആദിവാസി സമൂഹം. പതിനേഴ് വാർഡുകളുള്ള പഞ്ചായത്തിൽ പത്ത് സീറ്റുകൾ നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായും കുട്ടമ്പുഴ പഞ്ചായത്തിലെ പൊതു സമൂഹത്തിന്റെ സമഗ്ര വികസനത്തിനായും നിലകൊള്ളുമെന്ന് നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.