കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്ത് ഭരണം യു.ഡു.എഫ് തിരിച്ചു പിടിച്ചെങ്കിലും ഗ്രൂപ്പ് പോര് മുറുകുന്നു. ശനിയാഴ്ച വൈകിട്ട് കോലഞ്ചേരി സ്വകാര്യ ബസ് സ്​റ്റാന്റിനു സമീപം നടന്ന കോൺഗ്രസ് അവലോകന യോഗത്തിൽ വാക്കേ​റ്റവും സംഘർഷാവസ്ഥയും ഉണ്ടായിരുന്നു. ഇത് ഗ്രൂപ്പ് പോരിൽ നിന്ന് ഉടലെടുത്തതാണെന്നാണ് മുന്നണി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൂതൃക്ക പഞ്ചായത്തിൽ ഭരണം നേടിയെങ്കിലും വിജയ സാദ്ധ്യതയുള്ള പല സ്ഥാനാർത്ഥികളും പരാജയപ്പെട്ടത് ഗ്രൂപ്പ് പ്രവർത്തനങ്ങൾ മൂലമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം യോഗത്തിൽ ബഹളം വച്ചത്. പൂതൃക്ക വെസ്​റ്റിൽ ഒരു സ്വതന്ത്റ സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നിൽ ഐ വിഭാഗമാണെന്ന ആരോപണമുയർന്നിട്ടുണ്ട്. മുന്നണി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച ജോണി.എം.വിയെ പാർട്ടിയിലേക്ക് തിരികെയെടുക്കുവാൻ നേതൃത്വത്തിന് മണ്ഡലം പ്രസിഡന്റ് കത്ത് നൽകിയെന്ന് വെളിപ്പെടുത്തിയതോടെയാണ് രംഗം സംഘർഷാവസ്ഥയിലെത്തിയത്. ചൂണ്ടിയിലും വടയമ്പാടിയിലും, പുതുപ്പനത്തും കോലഞ്ചേരിയിലും മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് മണ്ഡലം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യോഗത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായത്. നിലവിൽ പഞ്ചായത്തിൽ എ വിഭാഗത്തിനും ഐ. വിഭാഗത്തിനും നാലു സീ​റ്റുകൾ വീതമാണ് ലഭിച്ചിട്ടുള്ളത്. പൂതൃക്ക വെസ്റ്റിലെ വിജയിയെ തിരികെ കോൺഗ്രസിലെടുക്കുന്നതിലൂടെ അഞ്ചാക്കാനുള്ള ശ്രമമാണ് ഐ വിഭാഗം നടത്തുന്നതെന്ന ആരോപണമുണ്ട്. മാത്രമല്ല പ്രസിഡന്റ് സ്ഥാനത്തിനുള്ള അവകാശവാദം ശക്തമാക്കാനും ഇതിലൂടെ ഐ വിഭാഗം നീക്കം നടത്തുന്നുണ്ട്.