 
മൂവാറ്റുപുഴ: സൈക്കിളിൽ ഭക്ഷണ വ്യാപാരം നടത്തുന്ന അന്യസംസ്ഥാനക്കാരനു നേരെ ആക്രമിച്ചതായും ഭക്ഷണങ്ങൾ നശിപ്പിച്ചതായും പരാതി. വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റിലേക്ക് തിരിയുന്ന ജംഗ്ഷന് സമീപമാണ് സൈക്കിളിൽ ഭക്ഷണം എത്തിച്ച് വില്പന നടത്തിയിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ, തൊഴിൽ അന്വേഷിച്ചു രാവിലെ 5 മുതൽ കൂടുന്ന സ്ഥലത്താണ് സംഭവം. ഇതേ റോഡിന്റെ എതിർ ദിശയിൽ പെട്ടി ബങ്ക് ഇട്ട്, ചായയും ഭക്ഷണവും വില്പന നടത്തുന്ന കടയുടമയുടെ നേതൃത്ത്വത്തിലായിരുന്നു അന്യസംസ്ഥാന വ്യാപാരിക്ക് നേരെ ഞായറാഴ്ച രാവിലെ ആക്രമണം നടന്നത്. സൈക്കിൾ എടുത്ത് മറിച്ച് ഇടുകയും, ഇതിൽ വില്പനക്കായി വച്ചിരുന്ന പലഹാരങ്ങൾ നശിപ്പിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപാരം പെട്ടി ബങ്ക് ഉടമകൾക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് സൈക്കിൾ വ്യാപാരിയും, അന്യസംസ്ഥാന തൊഴിലാളികളും, കടയുടമയോട് നഷ്ട്ടം ആവശ്യപ്പെട്ടെങ്കിലും നൽകാതെ ഭീഷിണിപ്പെടുത്തി തൊഴിലാളികളെ ഓടിച്ചു. ഇതിനെ തുടർന്ന് സൈക്കിൾ വ്യാപാരി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.