
കൊച്ചി: മാളിൽ വച്ച് അപമാനിച്ച കേസിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെ കളമശേരി പൊലീസ്  കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികളോട് ക്ഷമിച്ചതായി യുവനടി വെളിപ്പെടുത്തി.
അറിഞ്ഞുകൊണ്ട് നടിയെ സ്പർശിച്ചിട്ടില്ലെന്നും നടിയോടും കുടുംബത്തോടും മാപ്പു പറയാൻ തയ്യാറാണെന്നും പൊലീസ് പിടിയിലാവും മുമ്പ് യുവാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.
തുടർന്ന് കീഴടങ്ങാനായി അഭിഭാഷകർക്കൊപ്പം കാറിൽ വരുന്നതിനിടെ എറണാകുളം കുസാറ്റ് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് പൊലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കലെന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ യുവ നടിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ പുറം ലോകത്തെ അറിയിച്ചത്. നടി പരാതി നൽകാത്ത സാഹചര്യത്തിൽ പൊലീസും വനിതാ കമ്മിഷനും സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുവാക്കളുടെ വിശദീകരണം ഇങ്ങനെ: മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. സെൽഫിയെടുക്കാൻ അടുത്തെത്തി. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ നടിയുടെ സഹോദരി ജാഡയോടെ മറുപടി പറഞ്ഞു.  നടിയുടെ പിറകെ നടന്നിട്ടില്ല. ജോലിയാവശ്യത്തിനാണ് എറണാകുളത്തേക്ക് പോയത്. തിരിച്ചുവരാൻ നിലമ്പൂർ രാജ്യറാണി എക്സ് പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി ഒരു മണിക്കായിരുന്നു ട്രെയിൻ. സമയം ചെലവാക്കാൻ  ഷോപ്പിംഗ് മാളിലേക്ക് പോയി. അപ്പോഴാണ് നടിയെ കണ്ടത്. മാളിൽ കറങ്ങിയ ശേഷം മെട്രോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. 
സംഭവം  വിവാദമായതോടെ
കോയമ്പത്തൂരിലേക്ക് ഇവർ  ഒളിവിൽ പോയിരുന്നതായാണ് സൂചന. കുടുംബങ്ങൾ ആവശ്യപ്പെട്ടതോടെ ഇന്നലെ തിരിച്ച് നാട്ടിലെത്തി.
ഇർഷാദ് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ആദിൽ പഠനശേഷം ഡെന്റൽ ക്ളിനിക്കുകളിലേക്കുള്ള കൃത്രിമ പല്ലുകളുടെ വിതരണവും കാറ്ററിംഗ് സർവീസും നടത്തിവരികയാണ്.
അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ല. നടിയോടും കുടുംബത്തോടും മാപ്പ് പറയാൻ തയ്യാറാണ്.
പ്രതികളായ യുവാക്കൾ.
``യുവാക്കളുടെ കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നത്. പ്രതികളെ പിടികൂടിയ പൊലീസിനും മാദ്ധ്യമ പ്രവർത്തകർക്കും നന്ദി.ഒപ്പം നിന്ന എല്ലാവരേയും പിന്തുണയ്ക്കുന്നു.
-യുവ നടി