കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം റെഗുലേറ്ററി ആക്ട് കേരള (ട്രാക്ക് ) ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പിന്നോട്ടടിക്കാനേ ഉപകരിക്കൂവെന്ന് 'അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ. നിയമം പരിഷ്‌കരിച്ചു നടപ്പാക്കണമെന്ന് പ്രസിഡന്റ് സി.എസ്. വിനോദ് ആവശ്യപ്പെട്ടു.ടൂറിസം രംഗത്ത് ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കുന്നതിനും തെറ്റായ പ്രവണതകൾ തിരുത്തി വ്യവസായത്തെ ശാക്തീകരിക്കുന്നതിനും ഉതകുന്ന തരത്തിൽ നിയമം പരിഷ്കരിക്കണം. മുഴുവൻ ടൂറിസം പ്രവർത്തനങ്ങൾക്കും ലഘുവായ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തണം. രംഗത്തുള്ളവർക്ക് പ്രവർത്തന മാർഗനിർദ്ദേശവും നൽകുന്ന രീതിയിൽ പ്രസ്തുത നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിർദേശങ്ങൾ സമർപ്പിച്ചു. ടൂറിസം രംഗത്തുള്ള മുഴുവൻ പ്രതിനിധികളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി 'അറ്റോയി' പ്രസിഡന്റ് അറിയിച്ചു.