ആലുവ: ആദ്യമായി പൊതുവേദിയിലെത്തിയതിന്റെ സഭാകമ്പവും ഭയവും വിട്ടുമാറാതെ എല്ലാ ത്രിതല സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നടന്നു. എല്ലായിടത്തും തിരഞ്ഞെടുക്കപ്പെട്ടതിൽ പകുതിയിലേറെ പേരും വനിതകളാണ്. പലരും ആദ്യമായി മത്സരരംഗത്ത് വന്നവരും.ആദ്യമായി മത്സരരംഗത്തിറങ്ങിയ വനിതകളുടെ ആദ്യ പൊതുയോഗവുമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പതിവ് ആരവങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി ചടങ്ങുകൾ നടന്നത്. മഹാമാരിയുടെ നിയന്ത്രണത്തിന്റെ ഭാഗമായി വിജയിച്ചിവരെല്ലാവരും നവമാദ്ധ്യമങ്ങളിലൂടെ വോട്ടർമാരെ സത്യപ്രതിജ്ഞ ചെയ്യുന്ന വിവരം അറിയിക്കുകയും അനുഗ്രഹം തേടുകയുമായിരുന്നു. സജീവ പ്രവർത്തകരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. പലയിടത്തും കാണികൾക്ക് ചിരി പടർത്തുന്ന രംഗങ്ങളുമുണ്ടായി.
അഞ്ചാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ആലുവ നഗരസഭ കൗൺസിലർ കെ.വി. സരളക്ക് രണ്ട് വട്ടം സത്യപ്രതിജ്ഞ ചൊല്ലേണ്ടി വന്നു. ആദ്യം പ്രതിജ്ഞ ചൊല്ലിയപ്പോൾ സ്വന്തം പേര് പറയാൻ വിട്ടുപോയതിനാൽ വരണാധികാരിയുടെ നിർദ്ദേശപ്രകാരമാണ് വീണ്ടും ചൊല്ലിയത്. ആലുവയിൽ എൻ.ഡി.എ പ്രതിനിധികൾക്ക് ആദ്യ ഊഴത്തിൽ പങ്കെടുക്കാനായില്ല. മൂന്ന് എൻ.ഡി.എ അംഗങ്ങളുടെ ഊഴം കഴിഞ്ഞപ്പോഴാണ് ഇവരുടെ ആഹ്ളാദ പ്രകടനമെത്തിയത്. എന്നാൽ 21 -ാം വാർഡിലെ എൻ.ഡി.എ പ്രതിനിധിക്ക് യഥാസമയം സത്യപ്രതിജ്ഞ ചൊല്ലാനായി. എല്ലാവരുടെയും പ്രതിജ്ഞക്ക് ശേഷമായിരുന്നു ആദ്യ ഊഴത്തിൽ അവസരം നഷ്ടമായ എൻ.ഡി.എ പ്രതിനിധികൾ പ്രതിജ്ഞ ചൊല്ലിയത്. എൻ.ഡി.എ പ്രവർത്തകരുടെ ഭാരത് മാതാ ജയ് എന്ന ശബ്ദ ധ്വനിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചത്.