കൊച്ചി: സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റ് കൗൺസിലർമാർ കോർപ്പറേഷന്റെ ഭരണസാരഥ്യത്തിലേക്ക് കടന്നു. കൗൺസിൽ ഹാളിൽ തിങ്കളാഴ്ച രാവിലെ 11.30 ന് ജില്ലാ വരാണാധികാരിയും കളക്ടറുമായ എസ്. സുഹാസ് മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കോർപ്പറേഷനിലെ 51ാം ഡിവിഷനായ പൂണിത്തുറനിന്ന് വിജയിച്ച യു.ഡി.എഫിലെ മേഴ്‌സിയാണ് ആദ്യം വരാണാധികാരിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് അവർ മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് സത്യവാചകംചൊല്ലി അധികാരമേറ്റത്. ഈശ്വരനാമത്തിലും ദൃഢപ്രതിജ്ഞയിലുമാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ഏറ്റുപറഞ്ഞത്. തുടർന്ന് മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ ആദ്യ കൗൺസിൽയോഗവും നടന്നു. വിവിധ കക്ഷിനേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയെങ്കിലും യു.ഡി.എഫിൽ നിന്നുള്ള രണ്ടംഗങ്ങൾ മാത്രമാണ് പ്രസംഗിച്ചത്. 64 ാം ഡിവിഷനായ കത്രൃക്കടവിൽ നിന്ന് വിജയിച്ച എം.ജി. അരിസ്റ്റോട്ടിൽ, 39 ാം ഡിവിഷനായ കറുകപ്പള്ളിയിൽ നിന്ന് വിജയിച്ച അഡ്വ. ദീപ്തി മേരി വർഗീസ് എന്നിവരാണ് സംസാരിച്ചത്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി കൊച്ചി കോർപ്പറേഷനെ മാറ്റിയെടുക്കുന്ന തരത്തിലേക്ക് വികസനപ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും ഇരുവരും പറഞ്ഞു.
അനുയായികളുടെ അകമ്പടിയിൽ
വിവിധ മുന്നണികളുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ പ്രകടനമായാണ് രാവിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങുകൾക്കെത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ നിയുക്ത കൗൺസിലർമാർക്കും ഒപ്പം വരുന്ന ഒരാൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചതെങ്കിലും ഒടുവിൽ അതെല്ലാം ലംഘിക്കുന്ന അവസ്ഥയെത്തി. കൗൺസിൽ ഹാളിലും അത് ദൃശ്യമായി. ഹാളിലേക്ക് പ്രവേശിച്ച അംഗങ്ങളെ കോർപ്പറേഷൻ ജീവനക്കാർ റോസാപ്പൂ നൽകി സ്വീകരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം നിയുക്ത മേയർ എൽ.ഡി.എഫിലെ അഡ്വ. എം. അനിൽകുമാർ എല്ലാ കൗൺസിലർമാരെയും ഒപ്പം നിറുത്തി സെൽഫിയുമെടുത്തു. 74 അംഗകൗൺസിലിൽ 34 അംഗങ്ങളോടെ എൽ.ഡി.എഫ് ആണ് ഏറ്റവുംവലിയ ഒറ്റകക്ഷി. 31 അംഗങ്ങളുള്ള യു.ഡി.എഫ് രണ്ടാംകക്ഷിയാണ്. എൻ.ഡി.എക്ക് അഞ്ച് അംഗങ്ങളും നാല് സ്വതന്ത്രന്മാരുമാണ് കൗൺസിലിലുള്ളത്. രണ്ട് വിമതന്മാരുടെ പിന്തുണ ഇതിനകം എൽ.ഡി.എഫ് ഉറപ്പിച്ചുകഴിഞ്ഞു. അതിനാൽ കൊച്ചി കോർപ്പറേഷൻ ഭരണം ഇടതുമുന്നണിയാവും നയിക്കുക. 28 നാണ് മേയർ തിരഞ്ഞെടുപ്പ്. രാവിലെ 11ന് മേയർ തിരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടക്കും.
സ്വതന്ത്രൻമാർ ഇടതുപക്ഷത്ത്
സ്വതന്ത്രന്മാരായ ടി.കെ. അഷ്‌റഫും സനൽമോൻ ജെയും കൗൺസിലിൽ അഡ്വ.എം. അനിൽകുമാറിന്റെ തൊട്ടടുത്ത സീറ്റുകളിലാണ് ഇരുന്നത്. സി.പി.എം വിമതനായ കെ.പി. ആന്റണിയും ഇടത് കൗൺസിലർമാർക്കൊപ്പം ചേർന്നു . എങ്കിലും ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ആന്റണി ആവർത്തിച്ച് വ്യക്തമാക്കിയതോടെ ഇടതുപക്ഷം ആശ്വാസത്തിലാണ്. കോൺഗ്രസ് വിമതയായ മേരി കലിസ്റ്റ പ്രകാശ് യു.ഡി.എഫിന് പിന്തുണ അറിയിച്ചിട്ടുണ്ട്