padaseharam
തരിശായി കിടക്കുന്ന 75 ഏക്കറോളം വരുന്ന ഏലപ്പാടം - കടുങ്ങല്ലൂർചാൽ പാടശേഖരം

ആലുവ: മൂന്ന് പതിറ്റാണ്ടോളമായി തരിശായി കിടക്കുന്ന 75 ഏക്കറോളം വരുന്ന ഏലപ്പാടം - കടുങ്ങല്ലൂർചാൽ പാടശേഖരം പുതിയ ഭരണ സമിതിക്ക് മുമ്പിൽ കതിരണിയുമോയെന്നാണ് കർഷകർക്ക് അറിയേണ്ടത്. വൻകിട റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈപ്പിടിയിലായ പാടശേഖരത്തിൽ നിയമങ്ങളുടെ പിൻബലത്തിൽ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖര സമിതി. ഇക്കാര്യത്തിൽ പുതിയ പഞ്ചായത്ത് ഭരണ സമിതിയുടെ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.

കടുങ്ങല്ലൂർ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും കരുമാല്ലൂർ പഞ്ചായത്തിലെ ഒരു വാർഡിലുമായി പരന്നുകിടക്കുന്ന മൂന്ന് പൂ കൃഷി നിലമാണ് ഏലപ്പാടം - കടുങ്ങല്ലൂർചാൽ പാടശേഖരം. 35 ഏക്കറോളം കൊച്ചിയിലെ പ്രമുഖ ബിൽഡേഴ്സ് ഗ്രൂപ്പിന്റേതാണ്. അഞ്ച് ഏക്കർ പ്രമുഖ സ്വർണ വ്യാപാരിയുടേതും. വെള്ളം ഒഴുകുന്ന നീർച്ചാൽ ഏകദേശം അഞ്ച് ഏക്കറോളമുണ്ട്. ഇത് പഞ്ചായത്തിന്റെ അധീനതയിലാണ്. ബാക്കിയുള്ളത് ചെറുകിട റിയൽ എസ്റ്റേറ്റുകാരുടെയും നാട്ടുകാരുടെയുമാണ്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏലപ്പാടം - കടുങ്ങല്ലൂർചാൽ പാടശേഖര സമിതി നാല് വർഷം മുമ്പ് അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കിയിരുന്നു. ശക്തമായ മഴയിൽ വില്പന മുടങ്ങിയതും കൊയ്ത്ത് യന്ത്രം ഉപയോഗിക്കാനാകാത്തതുമെല്ലാം കൃഷി സമിതിക്ക് സാമ്പത്തീക നഷ്ടമുണ്ടാക്കി.

എങ്കിലും കൃഷിയിറക്കാനുള്ള തീരുമാനത്തിൽ നിന്നും സമിതി പിൻവാങ്ങിയില്ല. തരിശ് നിലം പാടശേഖര സമിക്ക് കൃഷിയിറക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഭൂവുടമകൾക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റമുണ്ടായി. പിന്നാലെ ത്രിതല തിരഞ്ഞെടുപ്പുമെത്തിയത് തുടർ നടപടികൾ വൈകിപ്പിച്ചു. കൃഷിയിറക്കിയ ശേഷം രണ്ടാമതും കൃഷിയിറക്കാൻ അനുമതി തേടിയപ്പോൾ ഭൂവുടമകൾ സമ്മതിച്ചിരുന്നില്ല. കൃഷിയിറക്കിയാൽ ഭാവിയിൽ നികത്തുന്നതിന് തടസമാകുമെന്ന ആശങ്കയാണ് അനുമതി നിഷേധിക്കാൻ കാരണമായത്. ഇതേതുടർന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും മുഖേന നോട്ടീസ് നൽകിയപ്പോൾ സ്വന്തം നിലയിൽ കൃഷി ചെയ്യുമെന്ന് പറഞ്ഞ് ഭൂവുടമകൾ ഒഴിഞ്ഞുമാറി. വർഷങ്ങൾ പിന്നിട്ടിട്ടും ഭൂവുടമകൾ വാക്ക് പാലിക്കാതെ വന്നപ്പോഴാണ് വീണ്ടും പാടശേഖര സമിതിയുടെ ആവശ്യപ്രകാരം വില്ലേജ് ഓഫീസർ ഭൂവുടമകൾക്ക് നോട്ടീസ് നൽകിയത്. അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് സമിതി പ്രസിഡന്റ് സി.ജി. തമ്പി, സെക്രട്ടറി എം.പി. ഉദയൻ എന്നിവർ പറഞ്ഞു.