boat

വൈപ്പിൻ : സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാനാകാതെ മത്സ്യബന്ധന,​ സംസ്‌കരണ മേഖല. കാലാവസ്ഥയിൽ അടിക്കടിയുണ്ടാകുന്ന മാറ്റം, ഇന്ധന വിലക്കയറ്റം, കൊവിഡ് നിയന്ത്രണങ്ങൾ, എന്നിവയാണ് പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച കടലിൽ മത്സ്യസമ്പത്ത് വർദ്ധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും മറ്റും മൂലം മത്സബന്ധനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

നിയന്ത്രണത്തിൽ വലഞ്ഞ്
വൈപ്പിൻ മുനമ്പം മേഖലകളിലായി ഏഴുനൂറോളം ബോട്ടുകളാണുള്ളത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ മത്സബന്ധത്തിന് പോകുന്നതിന് പാസുകൾ എടുക്കണം. പുറപ്പെടുന്നതിന് നിയന്ത്രണമില്ല. എന്നാൽ മത്സ്യവുമായി തിരിച്ചെത്തുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്. ഒരു ദിവസം 40 ബോട്ടുകൾക്ക് മാത്രമേ ഓരോ ഹാർബറുകളിലും അടുക്കാൻ അനുവാദമുള്ളത്. ഒരു ടേമിൽ 12 ദിവസത്തിൽ കൂടുതൽ മത്സ്യബന്ധനം നടത്താൻ കഴിയില്ല. കൂടുതൽ ദിവസം കടലിൽ കഴിഞ്ഞാൽ അടുത്ത ടേണിൽ മാറി നിൽക്കേണ്ടി വരും. മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവരുന്ന ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് കനത്ത പിഴ ഈടാക്കുന്നുണ്ട്.

ഇടിത്തീയായി
ഇന്ധന വിലക്കയറ്റം

ഡീസൽ വില വർദ്ധനവാണ് മത്സ്യമേഖല നേരിടുന്നമറ്റൊരു പ്രശ്‌നം. കൊവിഡ് കാലത്ത് മാത്രം ലിറ്ററിന് 14 രൂപയാണ് വർദ്ധിച്ചത്. ഒരു ബോട്ടിന് പോക്ക് വരവിന് മാത്രം 3000 രൂപ മുതൽ 4000 വരെ ലിറ്റർ ഡീസൽ വേണ്ടി വരും. ഡീസലിന് സർക്കാർ സബ്‌സിഡി അനുവദിക്കണമെന്നുള്ളത് ദീർഘകാലമായി മത്സ്യമേഖലയിലെ ആവശ്യങ്ങളിൽ ഒന്നാണ്. ഡീസൽ വില നിയന്ത്രണമില്ലാതെ കൂടി കൊണ്ടിരിക്കുമ്പോൾ ഈ ആവശ്യത്തിന് പ്രസക്തിയേറുന്നു.