നെടുമ്പാശേരി: ഭാര്യക്ക് മഹാമാരി സ്ഥിരീകരിച്ചതിനെ തുടർന്ന് പാറക്കടവ് ബ്‌ളോക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതു. നെടുമ്പാശേരി എം.എ.എച്ച്.എസ് ജീവനക്കാരിയായ ദിലീപിന്റെ ഭാര്യക്ക് വ്യാഴാഴ്ചയാണ് മഹാമാരി സ്ഥിരീകരിച്ചത്.
ദിലീപ് പ്രാഥമിക സമ്പർക്കപട്ടികയിലായതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകർ മുഖേന പി.പി.ഇ കിറ്റ് വാങ്ങി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. നെടുമ്പാശേരി ഡിവിഷനിൽ സി.പി.ഐയിലെ ബിജു കോടത്തിനെയാണ് ദിലീപ് പരാജയപ്പെടുത്തിയത്. മുൻ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ബ്‌ളോക് പഞ്ചായത്തംഗവുമാണ് ദിലീപ്. കുത്തിയതോട് ഡിവിഷനിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം സി.എം.വർഗീസാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. സി.എം.വർഗീസ് റിട്ടേണിങ് ഓഫീസർ കെ.സജീവ് കർത്ത മുമ്പാകെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. തുടർന്ന് 12 അംഗങ്ങളും ഡിവിഷനുകളുടെ ക്രമ നമ്പർ പ്രകാരം വർഗീസ് മുമ്പാകെ പ്രതിജ്ഞ ചൊല്ലുകയായിരുന്നു. അസി. റിട്ടേണിങ് ഓഫീസറും ബ്‌ളോക് പഞ്ചായത്ത് സെക്രട്ടറിയുമായ എം.എസ്.വിജയൻ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി.