parrot

കോലഞ്ചേരി: പൊന്നോമനയായി വളർത്താൻ വളർത്ത് പക്ഷികളെ വാങ്ങുന്നവർ സൂക്ഷിക്കണം. അല്ലെങ്കിൽ ഇരുമ്പഴി എണ്ണേണ്ടിവരും ! കാരണം നാട്ടിൽ വില്പനയ്ക്ക് എത്തിക്കുന്ന പക്ഷികളിൽ അധികവും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇവയെ പിടികൂടാനോ കൂട്ടിലിട്ട് വളർത്താനോ പാടില്ല. പിടിക്കപ്പെട്ടാൽ പണിപാളുമെന്ന് ചുരുക്കം. വീടുകളിൽ പ്രധാനമായും തത്തകളെയാണ് അരുമകളായി വളർത്തുന്നത്. പ്ലംഹെഡ് പാരക്കീ​റ്റ്, അലക്‌സാൻഡ്രിൻ പാരക്കീ​റ്റ്, റിംഗ് നെക്ക് പാരക്കീ​റ്റ് മുതലായ തത്തയിനങ്ങളാണ് വ്യാപകമായി കേരളത്തിൽ വില്ക്കപ്പെടുന്നത്. കേരളത്തിൽ കാണാത്ത പക്ഷികളാണിവ. ഇതരസംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവന്നാണ് വില്പന. നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീ​റ്റ്, മലബാർ പാരക്കീ​റ്റ്, അലക്‌സാൻഡ്രിൻ പാരക്കീ​റ്റ് (മലന്തത്ത), വെർണൽ ഹാംഗിംഗ് പാരക്കീ​റ്റ്, പ്ലംഹെഡ് പാരക്കീ​റ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല.

പണത്തിനായി ക്രൂരത്

ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് ഇന്ത്യൻ തത്തയിനങ്ങളുടെ പ്രജനനകാലം. ഈ കാലയളവിൽ വലിയ മരങ്ങളുടെ പൊത്തുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ എടുത്ത് വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. തള്ളപ്പക്ഷി നൽകുന്ന ഭക്ഷണം കഴിച്ചു വളരേണ്ട പ്രായത്തിൽ 'പക്ഷിപ്രേമി 'കളുടെ കരങ്ങളിലേക്കെത്തുന്ന ഇത്തരം കുഞ്ഞുങ്ങൾക്ക് നൽകുന്നത് പഴം, പാൽ പോലുള്ളവയാണ്. ഇവ പക്ഷിക്കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഒടുവിൽ മരണം വരെ സംഭവിക്കുകയും ചെയ്യും. ചുരുക്കത്തിൽ വനാന്തരങ്ങളിൽ നിന്ന് പിടികൂടപ്പെടുന്ന ഇത്തരം തത്തക്കുഞ്ഞുങ്ങളെ വളർത്തുന്നവർ മരണത്തിലേക്കാണ് തള്ളിവിടുന്നത്.

സുരക്ഷ ഉറപ്പാക്കാൻ

1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. പിടിക്കപ്പെട്ട് കു​റ്റം തെളിഞ്ഞാൽ കു​റ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതൽ 7 വർഷം വരെ തടവും 10,000 മുതൽ 50,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മ​റ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കണമെന്നുമാണ് നിയമത്തിലുള്ളത്.