
കൊച്ചി : ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് മന്ത്രി കെ.കെ.ശൈലജ. നവജാത ശിശുക്കളിലെ കേൾവി തകരാർ വളരെ നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിന് ഐ.എ.പി 2003 മുതൽ നടപ്പാക്കി വന്ന പദ്ധതിയിലൂടെ കേരളത്തെ ആദ്യ സമ്പൂർണ കേൾവി സൗഹൃദസംസ്ഥന പദവിയിലെത്തിച്ചു. കുട്ടികളിലെ ക്ഷയരോഗ നിർമാർജനത്തിനും, പ്രതിരോധനത്തിനും സർക്കാരിന് സംഘടന നൽകിവരുന്ന സഹകരണത്തെയും മന്ത്രി പ്രശംസിച്ചു. ആലപ്പുഴയിൽ ആരംഭിച്ച 49 -ാമത് സംസ്ഥാന സമ്മേളനം 'പെഡികോൺ 2020' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരായണൻ, സെക്രട്ടറി ഡോ. ഡി. ബാലചന്ദർ എന്നിവരുടെ നേതൃത്വത്തിൽ 6 ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഡോ. ഒ. ജോസ്, ഡോ. അനിൽ വിൻസെന്റ്, ഡോ. രമേഷ് കുമാർ തുടങ്ങിയവരും പ്രസംഗിച്ചു. ഡോ. ടി.പി.ജയരാമൻ പ്രിസിഡന്റ്, (പാലക്കാട്), ഡോ.ജോണി സെബാസ്റ്റ്യൻ സെക്രട്ടറി (തലശേരി), ഡോ. ഗോപി മോഹൻ ട്രഷറർ (കൊല്ലം) എന്നിവരെ അടുത്ത വർഷത്തേയ്ക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു.