കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയുടെ മാനേജിംഗ് പാർട്ണർ ബി.വി. നാഗേഷ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടുതേടി. 13 -ാം പ്രതിയായ നാഗേഷിനെ നവംബർ 18 നാണ് വിജിലൻസ് അറസ്റ്റുചെയ്തത്. ഫ്ളൈ ഒാവറിന്റെ രൂപകല്പനയും ഡ്രോയിംഗും തയ്യാറാക്കിയത് നാഗേഷ് കൺസൾട്ടൻസിയായിരുന്നു. ആർ.ഡി.എസ് കമ്പനിക്കുവേണ്ടി തയ്യാറാക്കി നൽകിയ ഡ്രോയിംഗും രൂപകല്പനയുടെ വിവരങ്ങളും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെയും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി കാരറുകാരന്റെ പേരുമാത്രം മാറ്റി ജി.പി.ടി ഇൻഫ്രാ പ്രൊജക്ട്സ് എന്ന പേരിലും ആർ.ഡി.എസിനു ബി.വി. നാഗേഷ് കൈമാറിയിരുന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 19.76 ലക്ഷമായിരുന്നു സർവീസ് ചാർജ് നിശ്ചയിച്ചിരുന്നതെങ്കിലും 61.51 ലക്ഷം രൂപ നാഗേഷ് കൺസൾട്ടൻസി കൈപ്പറ്റിയതായും രൂപകല്പനയിലെ പോരായ്മയാണ് ഫ്ളൈ ഒാവർ തകരാറിലാകാൻ കാരണമെന്നും വിജിലൻസ് ആരോപിക്കുന്നു.
എന്നാൽ ഫ്ളൈ ഒാവർ നിർമ്മാണത്തിൽ തനിക്കു പരിമിതമായ പങ്കാണുള്ളതെന്നും 30 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഹർജിക്കാരൻ പറയുന്നു. നവംബർ 19 നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഒരു ദിവസം വിജിലൻസിന് ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ നൽകിയിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യഹർജിയെ വിജിലൻസ് എതിർത്തിരുന്നില്ല. എന്നിട്ടും കോടതി ജാമ്യം നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു.