panchayath
പെരിയാർ വാലി കനാലുകളിലൂടെ വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് പായിപ്ര ഗ്രാമപഞ്ചായത്തംഗം ഇ.എം ഷാജി പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജിനീയർ സി വി ബൈജുവിന് നിവേദനം നൽകുന്നു

മൂവാറ്റുപുഴ: സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരത്തിനായി പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നേരിട്ടെത്തി നിവേദനം നൽകുകയായിരുന്നു മെമ്പർ ഇ എം ഷാജി. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്നും വിജയിച്ച ഇ.എം ഷാജി ഇന്നലെ രാവിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് നേരെ പോയത് പെരുമ്പാവൂരിലെ പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജിനീയർ സി വി ബൈജുവിനെ നേരിൽ കണ്ട് പെരിയാർ വാലി കനാലുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അടിയന്തിരമായി കനാലുകളിലൂടെ വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനായിരുന്നു. വേനൽ കനത്തതോടെ കിണറുകളും ചിറകളും പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നായ മുളവൂർ തോട് അടക്കം വറ്റിവരണ്ട് കൊണ്ടിരിക്കുകയാണ്. കനാലുകളിൽ വെള്ളം തുറന്ന് വിടുന്നത് ഇനിയും വൈകിയാൽ പ്രദേശത്തെ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങളെയും ബാധിക്കും. കാർഷീക മേഖലയായ പഞ്ചായത്തിൽ ജലസേജനത്തിന് പെരിയാർ വാലി ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള തൃക്കളത്തൂർ, മുടവൂർ, ആട്ടായം, പെരുമറ്റം, മുളവൂർ ബ്രാഞ്ച് കനാലുകളെയാണ് ആശ്രയിക്കുന്നത്. വേനൽ ആരംഭത്തിൽ തന്നെ കനാലുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചങ്കിലും പലസ്ഥലങ്ങളിലും ഇതുവരെയും പൂർത്തിയായിട്ടില്ല. കനാലുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന് ഇ എം ഷാജി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരം കനാലുകളിൽ വെള്ളം തുറന്ന് വിടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ ഉറപ്പ് നൽകിയതായി മെമ്പർ ഇ എം ഷാജി പറഞ്ഞു.