തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ആദ്യ യോഗം നഗരസഭാദ്ധ്യക്ഷ പദവി സംബന്ധിച്ച വിഷയം ചർച്ചക്കെടുത്തില്ല. ഇന്നലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞക്കും ആദ്യ കൗൺസിൽ യോഗത്തിനും ശേഷമാണ് പാർലമെന്ററി പാർട്ടി ചേർന്നത്. യു.ഡി.എഫിന് കേവല ഭൂരിപക്ഷം ലഭിച്ചതിനാൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറാകും നഗരസഭാദ്ധ്യക്ഷയാകുക. കൗൺസിലർമാർക്കുള്ള പൊതു നിർദേശങ്ങളും പ്രവർത്തന മാർഗരേഖയും മാത്രമാണ് ഇന്നലത്തെ യോഗത്തിൽ പരിഗണിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു. പി.ടി.തോമസ് എംഎൽഎയും പങ്കെടുത്തു.

മുസ്ലിം ലീഗ് കൗൺസിലർമാരെ കൂടി ഉൾപ്പെടുത്തി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഉടനെ വിളിച്ചേക്കും. കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് അദ്ധ്യക്ഷ പദവി സംബന്ധിച്ച ചർച്ച പുരോഗമിക്കുന്നത്. പാർലമെന്ററി പാർട്ടിയിൽ എ, ഐ ഗ്രൂപ്പുകൾക്ക് 8 അംഗങ്ങൾ വീതമുള്ളതിനാൽ മത്‌സരമില്ലാതെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാനാകുമോയെന്ന് ഉറപ്പായിട്ടില്ല. ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ രഹസ്യ ബാലറ്റിലൂടെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് കെ.പി.സി.സി നിർദേശം. അദ്ധ്യക്ഷ പദവി വീതം വയ്ക്കാൻ തീരുമാനിച്ചാൽ രേഖാമൂലം കരാറുണ്ടാക്കി നേതാക്കൾ ഒപ്പ് രേഖപ്പെടുത്തി പകർപ്പ് ഡി.സി.സിക്ക് കൈമാറണമെന്നും കെ.പി.സി.സി സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ രഹസ്യ ബാലറ്റിലൂടെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാവൂയെന്നും നിർദേശിച്ചിട്ടുണ്ട്.

ഏകാഭിപ്രായത്തിന് ഒരു സാദ്ധ്യത ഇല്ലെങ്കിലേ വീതം വയ്പ്പിനും തീരുമാനമെടുക്കാവൂയെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന് വിട്ടു കൊടുക്കേണ്ടി വരും. അദ്ധ്യക്ഷ പദവിയും 5 സ്ഥിരം സമിതി അദ്ധ്യക്ഷ പദവികളും കോൺഗ്രസിന് ലഭിക്കും. അദ്ധ്യക്ഷയുടെ തിരഞ്ഞെടുപ്പിനു ശേഷമേ സ്ഥിരം സമിതി അദ്ധ്യക്ഷ പദവിയിലേക്കുള്ളവരെ തീരുമാനിക്കുകയുള്ളു. സ്ഥിരം സമിതികളിൽ മൂന്നെണ്ണം വനിതാ സംവരണമാണ്. ഈയാഴ്ച അവസാനത്തോടെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയെ കോൺഗ്രസും വൈസ് ചെയർമാൻ സ്ഥാനാർത്ഥിയെ ലീഗും തീരുമാനിക്കും. 28നാണ് അദ്ധ്യക്ഷയെയും വൈസ് ചെയർമാനെയും തിരഞ്ഞെടുക്കുന്നത്.