election

മൂവാറ്റുപുഴ: ഒരു വാർഡിൽ മൂന്ന് പഞ്ചായത്ത് മെമ്പർ ! നെറ്റി ചുളിക്കേണ്ട, സംഭവം സത്യമാണ്. ഒന്ന് വാർഡിലെ യഥാർത്ഥ മെമ്പർ. മറ്റ് രണ്ട് പേരും വാർഡിലെ താമസക്കാരും. പായിപ്ര പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മെമ്പർമാരുടെ സംഗമ ഭൂമിയായിരിക്കുന്നത്. സി.പി.എമ്മിലെ റെജീന ഷിഹാജാണ് മൂന്നാം വാർഡിലെ ഒർജിനൽ മെമ്പർ. രണ്ടാം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ പി.എച്ച്.സക്കീർ ഹുസൈന്റെയും 17ാം വാർഡിൽ നിന്ന് വിജയിച്ച മുഹമ്മദ് ഷാഫിയുടെയും വീടാണ് മൂന്നാം വാർഡിലുള്ളത്. മൂവരും ബന്ധുക്കളും അയൽവാസികളുമാണ്. സക്കീർ ഹുസൈനും , മുഹമ്മദ് ഷാഫിയും മൂന്നാം വാർഡിലെ പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റും സെക്രട്ടരിയുമാണ്. മൂന്ന് പേരും പഞ്ചായത്തിലേയ്ക്ക് മിന്നും വിജയം നേടിയതോടെ മൂന്ന് മെമ്പർമാരെ സ്വന്തമായി ലഭിച്ച സന്തോഷത്തിലാണ് പായിപ്ര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് നിവാസികൾ.