കൊച്ചി : നടുവേദനയ്ക്കും ഗർഭാശയമുഴകൾക്കും പെർക്യൂട്ടേനിയസ് എൻഡോസ്‌കോപിക് ലമ്പാർ, യൂെട്രൈൻ ഫൈബ്രോയിഡ് എംബോളൈസേഷൻ ഡിസെക്ടമി എന്നീ നൂതന ചികിത്സാരീതികളിൽ ചരിത്രനേട്ടവുമായി മൾട്ടി സ്പെഷ്യാലിറ്റ് ആശുപത്രിയായ കോട്ടയ്ക്കൽ ആസ്റ്റർ മിംസ്. രണ്ട് വർഷത്തിനുള്ളിലാണ് ആശുപത്രി ക്ലിനിക്കൽ രംഗത്തെ നേട്ടം കൈവരിച്ചത്. കടുത്ത നടുവേദനയുള്ള രോഗികളിലും ഫൈബ്രോയിഡ് രോഗികളിലുമാണ് ചികിത്സ പൂർത്തിയാക്കിയത്.

ലമ്പാർഡിസ്‌ക് തള്ളുന്നത് മൂലമോ ഡിസ്‌ക് തേയ്മാനം മൂലമോ നടുഭാഗത്തു നിന്നാരംഭിച്ചു കാലിലേക്ക് പടരുന്ന വേദന, മരുന്നു കൊണ്ടും വ്യായാമം കൊണ്ടും സുഖപ്പെടുന്നില്ലെങ്കിൽ സാധാരണഗതിയിൽ ശസ്ത്രക്രിയയാണ് നിർദ്ദേശിക്കാറുള്ളത്. ഓപ്പൺ ഡിസെക്ടമി എന്ന സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് പകരം എൻഡോസ്‌കോപ്പിയിലൂടെ നട്ടെല്ലിന്റെ ഭാഗത്ത് ഡിസ്‌ക് ഫ്രാഗ്മെന്റ് തള്ളുന്നത് കണ്ടുപിടിച്ച് ഒഴിവാക്കുന്ന അതിനൂതന ചികിത്സാരീതിയായ പെർക്യൂട്ടേനിയസ് എൻഡോസ്‌കോപിക് ലമ്പാർ ഡിസെക്ടമിയാണ് ആസ്റ്ററിൽ ചെയ്യുന്നത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് രക്തസ്രാവം ഇല്ലാത്ത ചെറിയ മുറിവെ ഉണ്ടാകു. ജനറൽ അനസ്‌തേഷ്യ ആവശ്യവുമില്ല, വളരെ കുറഞ്ഞ ആശുപത്രിവാസം മതിയാകും. കൈയിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്നുകുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുകയാണ് യൂെട്രൈൻ ഫൈബ്രോയിഡ് എംബോളൈസേഷനിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങിവരികയും രോഗശമനം ലഭിക്കുകയും ചെയ്യുന്നു. ആയിരത്തിലധികം പ്രൊസീജ്യറുകൾ വിജയകരമായി പൂർത്തീകരിച്ചതായി ആസ്റ്റർ മിംസ് കോട്ടക്കൽ മെഡിക്കൽ സർവീസ് ചീഫ് പി.എസ്. ഹരി, സീനിയർ ഓർത്തോപീഡിക്ക് സർജൻ ഡോ. ഫൈസൽ എം. ഇക്ബാൽ, കാർഡിയോളജി വിഭാഗം മേധാവി ഡോ. തഹസിൻ നെടുവഞ്ചേരി എന്നിവർ അറിയിച്ചു.