പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി, കയറ്റുവ, തൊടാക്കയം ഭാഗത്ത് വച്ചുപിടിപ്പിച്ചിട്ടുള്ള കുമ്പിൾ, അക്കേഷ്വ മരങ്ങൾ കാലാവധി കഴിഞ്ഞിട്ടും വെട്ടിമാറ്റാത്തത് അന്വേഷിച്ചു നടപടി എടുക്കാൻ കേന്ദ്ര നിർദ്ദേശം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് കമ്മീഷണർ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആന ശല്ല്യം രൂക്ഷമായ പാണിയേലി ഭാഗത്ത് മുവായിരം ഏക്കറോളം സ്ഥലത്താണ് മരങ്ങൾ പിടിപ്പിച്ചിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ മുറിച്ചുമാറ്റേണ്ട കുമ്പിളും 7 വർഷം കൊണ്ട് മുറിച്ച് മാറ്റേണ്ട അക്കേഷ്വയും വർഷങ്ങൾ കഴിഞ്ഞിട്ടും മുറിച്ചു മാറ്റാത്തത് കടുത്ത കുടിവെള്ള ക്ഷാമത്തിനും, ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം തോമസ് കെ. ജോർജ് കേന്ദ്ര വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി വനം വകുപ്പിൽ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് മരങ്ങൾ നട്ടുവളർത്തിയിരിക്കുന്നത് . കമ്പനി പൂട്ടിയതോടെ സർക്കാരുമായി ഉണ്ടാക്കിയ കരാർ റദ്ദാവുകയും ചെയ്തു.