കൊച്ചി: നബാർഡിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ പ്രഥമ കാർഷിക വിപണനകേന്ദ്രം 'ഫാംശ്രീ അഗ്രോമാർട്ട് ' കാക്കനാട് പ്രവർത്തനമാരംഭിച്ചു. കർഷകരിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിന് നബാർഡിന്റേയും കേരള ബാങ്കിന്റേയും സഹകരണത്തോടെ ജില്ല കോ-ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘമാണ് വിപണകേന്ദ്രം നടത്തുന്നത്. കാക്കനാട് തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള കേരള ബാങ്കിന്റെ തൃക്കാക്കര ശാഖ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നബാർഡിന്റെ നേതൃത്വത്തിലുള്ള കർഷകരുടെ കൂട്ടായ്മയായ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനും, വിവിധ കാർഷിക സഹകരണ സംഘങ്ങളും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ, പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വയനാടൻ തേൻ, തൊണ്ടി അരി, തവിടുള്ളതും ഇല്ലാത്തതുമായ മട്ട അരി, ഗന്ധകശാല അരി, ഇടിയിറച്ചി, ഈന്തങ്ങപ്പൊടി, കൂവപ്പൊടി, പനംപൊടി, വയനാടൻ വിൻകോഫി, അറബിക്ക, റോബസ്റ്റ, സ്‌പെഷ്യൽ ഗ്രീൻ ടീ, വടകര വെളിച്ചെണ്ണ തുടങ്ങിയ സവിശേഷ ഉത്പന്നങ്ങളും അഗ്രോമാർട്ടിൽ ലഭ്യമാണ്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഭരണസമിതിയംഗം അഡ്വ. പുഷ്പദാസ് ചടങ്ങിൽ ആദ്യവില്പന നിർവഹിച്ചു. നബാർഡ് ഡി.ഡി.എം. അശോക് കുമാർ നയ്യാർ, തൃക്കാക്കര നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രൊസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി.ജി.ദിനേശൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സാനുരാജ് പി.എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.