പറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. പറവൂർ നഗരസഭയിൽ മുതിർന്ന കൗൺസിലർ എൻ.ഐ. പൗലോസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അദ്ദേഹം മറ്റു കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. എൻ.ഐ. പൗലോസിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ ആന്റണി കോട്ടയ്ക്കൽ, വടക്കേക്കര പഞ്ചായത്തിൽ ബീന രത്നൻ, ചേന്ദമംഗലത്ത് വി.എം. മണി, പുത്തൻവേലിക്കരയിൽ അജല പുരുഷൻ, ചിറ്റാറ്റുകരയിൽ പി.എ. ഷംസുദീൻ, ഏഴിക്കരയിൽ പി. പത്മകുമാരി എന്നിവർ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യ ഭരണസമിതി യോഗം നടന്നു. ഓരോ പാർട്ടിക്കാരുടെയും നേതൃത്വത്തിൽ പ്രകടനമായാണ് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യാൻ തദ്ദേശസ്ഥാപനങ്ങളിൽ എത്തിയത്. പുത്തൻവേലിക്കരയിലെ ജനപ്രതിനിധികൾ ആദ്യ യോഗത്തിനുശേഷം ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ചു. പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലം കയറാൻ സാധ്യതയുള്ളതിനാൽ എത്രയുംവേഗം ബണ്ട് നിർമാണം പൂർത്തീകരിക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പറവൂർ നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട നാല് ബി.ജെ.പി അംഗങ്ങൾ പ്രവർത്തകരോടൊപ്പം പ്രകടനമായാണ് എത്തിയത്. നഗരസഭയുടെ ചവിട്ടുപടികൾ തെട്ടുവഴങ്ങിയതിനു ശേമാണ് ഇവർ കൗൺസിൽ ഹാളിൽ പ്രവേശിച്ചത്.