
കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയെന്ന് ശിവശങ്കർ
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി 23ന് പരിഗണിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ അമൃതയിൽ ചികിത്സ തേടിയിരുന്നെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു. ജയിലിൽ തുടരുന്നത് ആരോഗ്യപ്രശ്നം ഗുരുതരമാക്കും. ചികിത്സ തേടിയതിന്റെ രേഖകൾക്കായി അമൃതയിൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ല. കഠിനമായ നടുവേദനയെത്തുടർന്ന് ആയുർവേദ ചികിത്സയിലാണെന്നും ഹർജിയിൽ പറയുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റു ചെയ്തത്. പിന്നീട് കോടതിയുടെ അനുമതിയോടെ നവംബർ 24 നാണ് കസ്റ്റംസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഏജൻസികൾ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിട്ടും തനിക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കൂട്ടുപത്രികളുടെ മൊഴി മാത്രമാണ് നിലവിൽ തനിക്കെതിരെയുള്ളതെന്നും ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ വൈകിയ വേളയിലാണ് തനിക്കെതിരെ മൊഴി നൽകിയത്. കസ്റ്റംസിന്റെ ആരോപണങ്ങൾ മുഖവിലയ്‌ക്ക് എടുത്താൽത്തന്നെ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംമാത്രമാണ് തനിക്കെതിരെയുള്ളത്. ഇൗ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. . അതേസമയം ഇ.ഡിയുടെ കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.