പറവൂർ: ആലങ്ങാട് ഗ്രാമ പഞ്ചായത്തംഗമായി ഏഴാം തവണയും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട വി.ബി. ജബ്ബാർ സത്യപ്രതിജ്ഞ ചെയ്തു.1988 മുതൽ 2020 വരെ തുടർച്ചയായി 32 വർഷക്കാലം ഒരു പ്രദേശത്തു നിന്നും പഞ്ചായത്തംഗമാകാൻ ഭാഗ്യം ലഭിച്ചത് ജബ്ബാറിന് മാത്രമാണ്. നീറിക്കോട് ഈസ്റ്റ് രണ്ടാം വാർഡിൽ നിന്നും 372 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ വിജയിച്ചത്. ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം തിരഞ്ഞെടുപ്പുകളിൽ തോൽവി എന്തെന്നറിഞ്ഞിട്ടില്ല.1988-ലാണ് തിരഞ്ഞെടുപ്പിൽ വി.ബി. ജബ്ബാർ കന്നി മത്സരത്തിന് ഇറങ്ങുമ്പോൾ 29 വയസാണ്. ആലങ്ങാട് പഞ്ചായത്തിൽ പന്ത്രണ്ടു വാർഡുകളായിരുന്നു. നീറിക്കോട് പ്രദേശം ഉൾപ്പെടുന്ന അഞ്ചാം വാർഡിലായിരുന്നു മത്സരിച്ചത്. സി.പി. ഐയുടെ പ്രതിനിധിയായി 123 വോട്ടുകൾക്ക് വിജയിച്ചാണ് ആദ്യമായി പഞ്ചായത്തംഗമായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിന്റെ പിന്തുണയോടെ നീറിക്കോട് നിന്നുതന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. പിന്നീടുള്ള കാലം കോൺഗ്രസിനൊപ്പമായിരുന്നു. ജന്മദേശമായ നീറിക്കോട് വിട്ടു മറ്റെങ്ങേക്കും മത്സരിച്ചിട്ടില്ല. കൂടുതൽ കാലം ഗ്രാമ പഞ്ചായത്തംഗമായിരുന്ന സംസ്ഥാനത്തെ പതിനൊന്നു പേർക്ക് പഞ്ചായത്തിരാജ് ദിനത്തിൽ പുരസ്‌കാരം നൽകിയപ്പോൾ അതിൽ ഒരാളായിരുന്നു ജബ്ബാർ. മുതിർന്ന അംഗമെന്ന നിലയിൽ ജബ്ബാറിനാണ് വരണാധികാരി ആദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് ശേഷിച്ച 20 അംഗങ്ങളേയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചരിത്രത്തിൽ ഇടംനേടാനും അറുപത്തിനാലുകാരനായ ജബ്ബാറിന് ഭാഗ്യം ലഭിച്ചു. .