ആലുവ: മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച അംഗപരിമിതനായ ഹിന്ദു യുവാവ് മതം മാറണമെന്നാവശ്യപ്പെട്ട് വീടുകയറി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി ഒളിവിലെന്ന് പൊലീസ്. നാട്ടുകാർ തടഞ്ഞുവച്ച് കൈമാറിയ പ്രതിയെ വിട്ടയച്ച നടപടി വിവാദമായപ്പോഴാണ് ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിച്ചിരിക്കുന്നത്. അതേസമയം പൊലീസിന്റെ നിസംഗതക്കും പ്രതിയെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ആലുവ സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കൊവിഡ് ബാധിതരായി അവധിയിലാണ്. ഇവർ അറിയിക്കാതെയാണ് ചില ഉദ്യോഗസ്ഥർ പ്രതികൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത്. ആലുവ പൊലീസിന്റെ നടപടിക്കെതിരെ ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകുകയും പൊലീസ് സ്റ്റേഷന് മുമ്പിൽ വച്ച് വധ ഭീഷണി മുഴക്കുകയും ചെയ്ത പെരുമ്പാവൂർ പോഞ്ഞാശേരി സ്വദേശി ഇജാസിനെയാണ് (30) പൊലീസ് കേസെടുക്കാതെ വിട്ടയച്ചത്. പരിക്കേറ്റവർ മൊഴി നൽകാൻ സ്റ്റേഷനിൽ വൈകിയെത്തിയെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തി മൊഴിയേടുക്കേണ്ട പൊലീസാണ് പരിക്കേറ്റവർ സ്റ്റേഷനിലെത്താൻ വൈകിയെന്ന വിചിത്ര വാദം ഉയർത്തിയിരിക്കുന്നത്. മതം മാറണമെന്ന് പലപ്പോഴും ഭീഷണി മുഴക്കിയിരുന്നതായും അതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്നുമാണഅ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്താൻ പൊലീസ് നടത്തിയ നീക്കം വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇടപെട്ടിരിക്കുകയാണ്. പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണ് വിവരം. പ്രതിയെ ഉടൻ പിടികൂടുമെന്ന് ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒയുടെ ചുമതലയുള്ള സി.ഐ ഗോപകുമാർ പറഞ്ഞു.