arrest

കൊച്ചി: മാളിൽവച്ച് അപമാനിക്കപ്പെട്ട യുവനടിയുടെ വീട്ടിലെത്തി ക്ഷമപറയാനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുമുള്ള യുവാക്കളുടെ നീക്കമാണ് പൊലീസ് തന്ത്രപരമായി പൊളിച്ചത്. പൊലീസിന് കീഴടങ്ങാൻ അഭിഭാഷകനൊപ്പം ഞായറാഴ്ച രാത്രി മലപ്പുറത്തുനിന്ന് കളമശേരിയിലേക്ക് പുറപ്പെട്ട പ്രതികളുടെ മനസിലിരുപ്പ് തിരിച്ചറിഞ്ഞ പൊലീസ് കുസാറ്റ് ജംഗ്‌ഷനിൽവച്ച് വാഹനംതടഞ്ഞ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചശേഷം നടിയുടെ വീട്ടിലെത്താനായിരുന്നു മലപ്പുറം മങ്കട സ്വദേശികളായ മാടശേരിൽ മുഹമ്മദ് ആദിൽ (24), ചെന്നെൻകുന്നേൽ മുഹമ്മദ് റംഷാദ് (25) എന്നിവരുടെ പദ്ധതി.

അറസ്‌റ്റിലായ ഇരുവരെയും കളമശേരി ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ക്ഷമപറയാൻ തയ്യാറാണെന്ന് യുവാക്കൾ പ്രഖ്യാപിച്ചതിനു പിന്നാലെ ക്ഷമിച്ചുവെന്ന് ന‌ടി ഇൻസ്‌റ്റഗ്രാമിൽ കുറിച്ചിരുന്നു. നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നുമുതൽ ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ആദിൽ ഡെന്റൽ ക്ളിനിക്ക് ഉപകരണങ്ങൾ എത്തിക്കുന്ന റെപ്രസെന്റേറ്റീവാണ്. റംഷാദിന് ജോലിയില്ല. ഓട്ടോമൊബൈൽ ഡിപ്ളോമ കോഴ്സിൽ സഹപാഠികളായിരുന്ന ഇരുവരുട‌െയും പിതാക്കന്മാർ വിദേശത്താണ്. റംഷാദിന്റെ കാർ തൃശൂരിലെ വർക്ക്ഷോപ്പിൽ നൽകിയശേഷം കറങ്ങാനായാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിക്കുണ്ടായ സംഭവം പിറ്റേദിവസം ഇൻസ്‌റ്റഗ്രാമിലൂടെയാണ് നടി പുറംലേകത്തെ അറിയിച്ചത്. ലൊക്കേഷനിലായതിനാൽ നടിയുടെ മൊഴിയെടുക്കാൻ പൊലീസിനും വനിതാകമ്മിഷനും സാധിച്ചിട്ടില്ല.