
ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിലെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലായിട്ടും അധികൃതർക്ക് അനക്കമില്ല. കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ച സംഘടനയോട് പുനർ നിർമ്മിക്കാനോ പൊളിച്ച് നീക്കാനോ ആവശ്യപ്പെടാതെ അപകടം കാത്ത് നിൽക്കുകയാണ്. ജീവൻ പണയം വച്ചാണ് ആളുകൾ കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുന്നത്. പ്രിയദർശിനി ടൗൺ ഹാളിന് മുന്നിൽ അങ്കമാലി ഭാഗത്തേക്കുള്ള സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രമാണ് തൂണുകൾ തുരുമ്പിച്ച് ശോചനീയാവസ്ഥയിലായിരിക്കുന്നത്. ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടുമുണ്ട്. അങ്കമാലിക്ക് പുറമെ കാലടി, പറവൂർ, കടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ഇവിടെയാണ് നിർത്തുന്നത്. മണപ്പുറത്തേക്ക് പോകാനും ഈ സ്റ്റോപ്പാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രം ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.. എ.ഐ.വൈ.എഫ് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം. ശക്തമായ കാറ്റുണ്ടായാൽ തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. അനധികൃത പാർക്കിംഗും പെട്ടിക്കടകളുടെ കൈയേറ്റവും ഒഴിവാക്കി ആധുനിക സൗകര്യമുള്ള കാത്തിരിപ്പു കേന്ദ്രം വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.